സംസ്ഥാനത്ത് എണ്ണായിരം ഹെക്ടറോളം കൃഷിഭൂമി തരിശ് കിടക്കുന്നു
തരിശ് നില കൃഷി എല്ലായിടത്തും എത്തിയില്ല
നെല്‍കൃഷി വ്യാപിപ്പിക്കാനുള്ള ശ്രമങ്ങള്‍ തകൃതിയായി നടക്കുമ്പോഴും സംസ്ഥാനത്ത് എണ്ണായിരം ഹെക്ടറോളം കൃഷിഭൂമി തരിശ് കിടക്കുന്നു. നെല്‍കര്‍ഷക കൂട്ടായ്മ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. എന്നാല്‍ സര്‍ക്കാരിന്റെ പക്കല്‍ ഇത് സംബന്ധിച്ച് യാതൊരു കണക്കുകളും ഇല്ലെന്നും ഇവര്‍ ആരോപിക്കുന്നു.
മെത്രാന്‍ കായലിലും ആറന്‍മുളയിലുമെല്ലാം കൃഷിയിറക്കി വിജയമായെങ്കിലും സംസ്ഥാനത്ത് ഹെക്ടറ് കണക്കിന് കൃഷിയോഗ്യമായ ഭൂമി തരിശ് കിടക്കുകയാണെന്നാണ് കര്‍ഷകര്‍ പറയുന്നത്. നെല്‍കര്‍ഷക കൂട്ടായ്മ നടത്തിയ പഠനത്തില്‍ എണ്ണായിരം ഹെക്ടറോളം കൃഷിയോഗ്യമായ തരിശ് നിലം ഉണ്ടെന്നാണ് കണ്ടെത്തല്‍. ഏറ്റവും കൂടുതല്‍ തരിശ് നിലമുള്ളത് ആലപ്പുഴയിലാണ്. 3652 ഹെക്ടറാണ് ഇവിടെ തരിശ് നിലമായി കിടക്കുകയാണ്.
പാലക്കാട് 800 ഹെക്ടറും തൃശ്ശൂരില്‍ 700 ഹെക്ടറും തരിശ് നിലമുണ്ട്. വയനാട് 450 ഹെക്ടറും കോട്ടയം, പത്തനംതിട്ട എന്നിവിടങ്ങളില്‍ 400 ഹെക്ടര്‍ വീതവും തരിശ് നിലവും ഉണ്ടെന്നാണ് ഇവരുടെ കണക്ക്. മലപ്പുറത്ത് 300 ഹെക്ടര്‍ ഉള്ളപ്പോള്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി ജില്ലകളില്‍ 250 ഹെക്ടറാണ് തരിശ് നിലം . ഏറ്റവും കുറവ് 150 ഹെക്ടറുള്ള കണ്ണൂര്‍ ജില്ലയിലാണ്. എന്നാല്‍ കൃഷി വകുപ്പിന്റെ കയ്യില്‍ ഇത് സംബന്ധിച്ച കണക്കുകള്‍ ഇല്ലെന്നും ഇവര്‍ക്ക് ആരോപണമുണ്ട്.
വിവാദങ്ങളുള്ള സ്ഥലങ്ങളില്‍ മാത്രമായി തരിശ് നില കൃഷി ഒതുക്കാതെ ബാക്കിയുള്ള സ്ഥലങ്ങളിലും കൃഷി വ്യാപിപ്പിക്കണമെന്നാണ്
കര്‍ഷകരുടെ ആവശ്യം.