അതിരൂപതാ ഭൂമിയിടപാട് വിവാദത്തില്‍ അനുരഞ്ജനത്തിന് സാധ്യത
പ്രശ്ന പരിഹാരത്തിന് തുടക്കമായതായി വൈദിക സമിതി പ്രതിനിധികള്‍ അറിയിച്ചു.
എറണാകുളം - അങ്കമാലി അതിരൂപതാ ഭൂമിയിടപാട് വിവാദത്തില്‍ അനുരഞ്ജന സാധ്യത തെളിഞ്ഞു. പ്രശ്ന പരിഹാരത്തിന് തുടക്കമായതായി വൈദിക സമിതി പ്രതിനിധികള്‍ അറിയിച്ചു. തുടര്‍ ചര്‍ച്ചകളിലൂടെ പ്രശ്നം രമ്യമായി പരിഹരിക്കപ്പെടുമെന്നും വൈദിക സമിതി വ്യക്തമാക്കി. പരസ്യപ്രതിഷേധത്തില്‍ നിന്ന് വൈദികര്‍ മാറിനില്‍ക്കാനും ധാരണയായി.
ഭൂമിയിടപാട് വിവാദത്തെ തുടര്‍ന്ന് ഉടലെടുത്ത തര്‍ക്കങ്ങള്‍ പരിഹരിക്കാന്‍ കെസിബിസി നടത്തിയ മധ്യസ്ഥ ചര്‍ച്ചയിലെ ധാരണ പ്രകാരമാണ് വൈദിക സമിതി ചേര്‍ന്നത്. 48 വൈദികരും സഹായമെത്രാന്മാരും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും യോഗത്തില്‍ പങ്കെടുത്തു. മാര്‍ ജോര്‍ജ് ആലഞ്ചേരി വൈദിക സമിതി യോഗത്തില്‍ മാപ്പ് പറയേണ്ടതില്ലെന്ന നിലപാടാണ് വൈദികര്‍ സ്വീകരിച്ചത്. മധ്യസ്ഥ ചര്‍ച്ചകളില്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചത് കണക്കിലെടുത്താണ് വൈദികര്‍ ഈ നിലപാട് സ്വീകരിച്ചത്. ഇതോടെ ഭൂമിയിടപാട് വിഷയം കാര്യമായി പരാമര്‍ശിക്കാതെയാണ് കര്‍ദിനാള്‍ യോഗത്തില്‍ സംസാരിച്ചത്.
സമവായ നീക്കത്തിന് പിന്തുണ നല്‍കാന്‍ വൈദിക സമിതിയില്‍ ധാരണയായതോടെയാണ് അനുരഞ്ജന സാധ്യത തെളിഞ്ഞത്. പ്രശ്നങ്ങള്‍ സാവധാനത്തില്‍ പരിഹരിക്കുമെന്ന് വൈദിക സമിതി സെക്രട്ടറി ഫാ കുര്യാക്കോസ് മുണ്ടാടന്‍ വ്യക്തമാക്കി. പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിച്ചിട്ടില്ല. മുറിവുകള്‍ ഉണങ്ങാന്‍ സമയമെടുക്കും. സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. പ്രതിഷേധം തുടരുന്ന സഭാ സുതാര്യതാ സമിതി പ്രവര്‍ത്തകരെ അനുരഞ്ജനത്തിലേക്കെത്തിക്കാന്‍ ശ്രമിക്കും. കേസുകള്‍ അതിന്റെ വഴിക്ക് നീങ്ങുമെന്നും വൈദിക സമിതി വ്യക്തമാക്കി.
മാര്‍ ജോര്‍ജ് ആലഞ്ചേരി അതിരൂപതയുടെ ദൈനംദിന ഭരണ നിര്‍വഹണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കും. സിറോ മലബാര്‍ സഭാ ആസ്ഥാനം കേന്ദ്രീകരിച്ചാവും ജോര്‍ജ് ആലഞ്ചേരി പ്രവര്‍ത്തിക്കുക. ഇതിനിടെ സഭാ സുതാര്യതാ സമിതി പ്രവര്‍ത്തകര്‍ യോഗവേദിക്ക് പുറത്ത് പ്രതിഷേധം നടത്തി. പ്രതിഷേധിച്ചവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി.