കേരളത്തില്‍ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത
ലക്ഷദ്വീപിലും വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ മഴ പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക.
കേരളത്തില്‍ വരും ദിവസങ്ങളിലും ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യത. ലക്ഷദ്വീപിലും വരും ദിവസങ്ങളില്‍ ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ മഴ പ്രതികൂലമായി ബാധിക്കുമെന്നാണ് ആശങ്ക.
കൊടും ചൂടിലായിരുന്നു സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണം. എന്നാല്‍ തെരഞ്ഞെടുപ്പ് ദിനം മഴയില്‍ കുതിരുമെന്നാണ് വിദഗ്ധരുടെ പ്രവചനം. തിങ്കളാഴ്ച മുതല്‍ വോട്ടെണ്ണല്‍ ദിനമായ 19 വരെ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. മഴ കനത്താല്‍ പോളിംഗ് ശതമാനത്തെ ബാധിച്ചേക്കുമോയെന്ന ആകാംക്ഷ മുന്നണികള്‍ക്കിടയിലുണ്ട്. അതോടൊപ്പം കനത്ത മഴ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളെ ബാധിക്കുമോയെന്ന ആശങ്കയും ഉയരുന്നുണ്ട്.
മഴ ശക്തമായാല്‍ ഉദ്യോഗസഥരുടെ വിന്യാസവും ബൂത്തുകളുടെ ഒരുക്കവും അവതാളത്തിലാകാതിരിക്കാനാണ് അധി കൃതരുടെ ശ്രമം. പോളിംഗ് സാമഗ്രികളുടെ വിതരണത്തെ മഴ ബാധിക്കാതിരിക്കാനും ശ്രദ്ധിക്കുന്നുണ്ട്. ഈ മാസം നാല് മുതലാണ് കേരളത്തില്‍ വേനല്‍ മഴ സജീവമായത്. വേനല്‍ മഴയില്‍ 45ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. മാര്‍ച്ച് ഒന്ന് മുതല്‍ ഈ മാസം 11വരെയുള്ള കണക്ക് പ്രകാരം 108 മില്ലീമീറ്റര്‍ മഴയാണ് ലഭിച്ചത്. 195 മില്ലീ മീറ്റര്‍ മഴ ലഭിക്കേണ്ടിടത്താണ് ഇത്. കാസര്‍കോട് ജില്ലയില്‍ 99 ശതമാനം മഴ കുറഞ്ഞു.
വേനല്‍ മഴയിലെ കുറവ് കാലവര്‍ഷത്തിലുണ്ടാകില്ലെന്നാണ് വിദഗ്ധരുടെ നിഗമനം. ഇത്തവണ ഈ മാസം അവസാനം തന്നെ കാലവര്‍ഷമെത്തുമെന്നാണ് സ്വകാര്യ കാലാവസ്ഥ പ്രവചന ഏജന്‍സി അറിയിച്ചത്. 28നും 30നുമിടയില്‍ കാലവര്‍ഷം സജീവമാകുമെന്നാണ് സൂചന. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളില്‍ ഈ മാസം 18നും 20നുമിടയില്‍ മഴയെത്തും. സാധാരണ കേരളത്തില്‍ ജൂണ്‍ ഒന്നിനാണ് മണ്‍സൂണ്‍ മഴ ആരംഭിക്കുന്നത്.