ചെമ്പന്‍മുടിയിലെ പാറമടക്കെതിരായ ജനകീയ സമരം ശക്തമാകുന്നു
സമരപന്തലില്‍ നിന്ന് തുടങ്ങി മുപ്പത്തിയഞ്ച് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചിരിച്ചെത്തി കലക്ട്രേറ്റ് കവാടം ഉപരോധിച്ചാണ് നാട്ടുകാര്‍ രണ്ടാംഘട്ട സമരത്തിന് തുടക്കമിട്ടത്
പത്തനംതിട്ട, റാന്നി ചെമ്പന്‍മുടിയിലെ പാറമടക്കെതിരായ ജനകീയ സമരം ശക്തമാകുന്നു. ജനകീയ സമരത്തെ തുടര്‍ന്ന് അടച്ചുപൂട്ടിയ പാറമടയ്ക്ക് പഞ്ചായത്ത് വീണ്ടും ലൈസന്‍സ് അനുവദിച്ചതോടെയാണ് സമരസമിതിയുടെ നേതൃത്വത്തില്‍ ജനകീയസമരം പുനരാരംഭിച്ചത്. സമരപന്തലില്‍ നിന്ന് തുടങ്ങി മുപ്പത്തിയഞ്ച് കിലോമീറ്റര്‍ കാല്‍നടയായി സഞ്ചിരിച്ചെത്തി കലക്ട്രേറ്റ് കവാടം ഉപരോധിച്ചാണ് നാട്ടുകാര്‍ രണ്ടാംഘട്ട സമരത്തിന് തുടക്കമിട്ടത്.
ചെമ്പന്‍മുടിയിലെ വിവാദപാറമടകള്‍ മൂന്നു വര്‍ഷം മുന്‍പാണ് നാട്ടുകാരുടെ ശക്തമായ സമരത്തെ തുടര്‍ന്ന് അടച്ച് പൂട്ടിയത്. ജനകീയ പ്രതിഷേധവും പാരിസ്ഥിതിക പ്രശ്നങ്ങളും നിലനില്‍ക്കേ റാന്നി മണ്ഡലത്തിലുള്‍പെടുന്ന നാറാണംമൂഴി പഞ്ചായത്ത് പാറമടകള്‍ക്കും ക്രഷര്‍ യൂണിറ്റുകള്‍ക്കും വീണ്ടും ഡി & ഒ ലൈസന്‍സ് നല്‍കുകയായിരുന്നു. നിലവില്‍ എല്‍ഡിഎഫാണ് പഞ്ചായത്ത് ഭരിക്കുന്നത്. പഞ്ചായത്ത് ഭരണസമിതി പാറമട ലോബികളെ സഹായിക്കുകയാണെന്നാണ് സമരക്കാരുടെ ആരോപണം.
സമരം കൂടുതല്‍ ജനകീയമാക്കുന്നതിനായി 35 കിലോമീറ്റര്‍ പദയാത്രയായി എത്തിയാണ് സ്ത്രീകളും കുട്ടികളും ഉള്‍പെടെ നൂറുകണക്കിന് പ്രദേശവാസികള്‍ കലക്ട്രേറ്റ് കവാടം ഉപരോധിച്ചത്. കുട്ടനാട് വികസന സമിതി ഡയറക്റും ആംആദ്മി പാര്‍ട്ടി നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി.ആര്‍ നീലകണ്ഠനും സമരക്കാര്‍ക്ക് പിന്തുണയുമായെത്തി. എന്നാല്‍ പ്രതിഷേധക്കാര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ക്ക് ആധികാരികമായ പഠനരേഖയില്ലെന്നും കോടതി വിധിയുടെ പശ്ചാത്തലത്തില്‍ നിയമപരമായ പിന്‍ബലത്തോടെയാണ് ലൈസന്‍സ് നല്‍കിയതെന്നുമുള്ള നിലപാടില്‍ പഞ്ചായത്ത് ഭരണ സമിതി ഉറച്ച് നില്‍ക്കുകയാണ്.