ഓണവിപണി ലക്ഷ്യമിട്ട് വ്യാജ ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍ വ്യാപകം
കണ്ണൂരിലെ വിവിധ കടകളില്‍ നിന്നായി ഇന്നലെ പോലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ലക്ഷങ്ങളുടെ തുണിത്തരങ്ങള്‍...
ഓണവിപണി ലക്ഷ്യമിട്ട് സംസ്ഥാനത്ത് ബ്രാന്‍ഡഡ് തുണിത്തരങ്ങളുടെ വ്യാജന്മാര്‍ സജീവമാകുന്നു. കണ്ണൂരിലെ വിവിധ കടകളില്‍ നിന്നായി ഇന്നലെ പോലീസ് നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്തത് ലക്ഷങ്ങളുടെ തുണിത്തരങ്ങള്‍. പരിശോധന വ്യാപകമാക്കുമെന്ന് പോലീസ്.
വ്യാജ ഉത്പ്പന്നങ്ങള്‍ വിപണിയില്‍ സജീവമാകുന്നതായി ചൂണ്ടിക്കാട്ടി പ്രമുഖ ഷര്‍ട്ട് നിര്‍മ്മാണക്കമ്പനി നല്‍കിയ പരാതിയിലാണ് കണ്ണൂരിലെ വിവിധ തുണിക്കടകളില്‍ പോലീസ് പരിശോധന നടത്തിയത്. ഇതേ തുടര്‍ന്ന് അലന്‍ സോളി, ലൂയിസ് ഫിലിപ്പ് തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുടേതടക്കം നൂറുകണക്കിന് വ്യാജ തുണിത്തരങ്ങള്‍ പോലീസ് പിടിച്ചെടുത്തു. കാഴ്ചയില്‍ ഒറിജിനലിനെ വെല്ലുന്ന ഈ തുണിത്തരങ്ങള്‍ കോയമ്പത്തൂര്‍, മധുര, മുംബൈ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് കേരള മാര്‍ക്കറ്റിലെത്തുന്നത്.
2500 രൂപക്ക് മുകളിലാണ് വ്യാജ ഷര്‍ട്ടുകള്‍ക്ക്് കച്ചവടക്കാര്‍ വില ഈടാക്കുന്നത്. എന്നാല്‍ വ്യാപാരികള്‍ക്ക് ഇത് ലഭിക്കുന്നതാവട്ടെ അഞ്ഞൂറ് രൂപയില്‍ താഴെ നിരക്കിലും. ഉപഭോക്താക്കളെ വഞ്ചിക്കുന്നതിനൊപ്പം വന്‍ നികുതി വെട്ടിപ്പിനും ഇതിലൂടെ കളമൊരുങ്ങുമെന്നാണ് ആരോപണം. ഓണവിപണി ലക്ഷ്യമിട്ട് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തിലുളള വ്യാജ ഉത്പന്നങ്ങള്‍ വന്‍ തോതില്‍ വില്‍പ്പനക്കെത്തിയതായി പോലീസ് പറയുന്നു.