പാക് അനുകൂല ഫേസ്ബുക്ക് പോസ്റ്റിന്‍റെ പേരില്‍ യുവാവ് പോലീസ് കസ്റ്റഡിയില്‍
തന്റെ പേരില്‍ പാക്കിസ്ഥാന് അനുകൂലമായി വന്ന പോസ്റ്റ് ഫോട്ടോഷോപ്പാണന്ന് ചൂണ്ടിക്കാട്ടി ശാഹു കഴിഞ്ഞ ദിവസം നേമം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു...
രാജ്യദ്രോഹകുറ്റം ആരോപിച്ച് തിരുവനന്തപുരം നേമം സ്വദേശിയായ ശാഹു അമ്പലത്തിനെ വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തു. പാക്കിസ്ഥാന് അനുകൂലമായി ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയിലാണ് നടപടി. തന്റെ പേരില്‍ പാക്കിസ്ഥാന് അനുകൂലമായി വന്ന പോസ്റ്റ് ഫോട്ടോഷോപ്പാണന്ന് ചൂണ്ടിക്കാട്ടി ശാഹു കഴിഞ്ഞ ദിവസം നേമം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
സെപ്റ്റംബര്‍ 29ന് രാജ്യത്തെ പട്ടാളക്കാര്‍ക്കെതിരെ ശാഹു ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടെന്ന പരാതിയെ തുടര്‍ന്നാണ് പോലീസിന്റെ നടപടി. തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം വിഴിഞ്ഞം പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തന്റെ പേരില്‍ പ്രചരിക്കുന്ന ഫോട്ടോഷോപ്പാണന്ന് ചൂണ്ടിക്കാട്ടി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ശാഹു നേമം പോലീസ് സ്‌റ്റേഷനില്‍ ഇന്നലെ പരാതി നല്‍കിയിരുന്നു.
എന്നാല്‍ പട്ടാളക്കാര്‍ക്കെതിരെ പോസ്റ്റിട്ടതിന് ശേഷം നടപടിയില്‍ നിന്ന് രക്ഷപെടാനാണ് ശാഹു പരാതി നല്‍കിയതെന്ന നിലപാടിലാണ് പോലീസ്. ഈ സാഹചര്യത്തില്‍ രാജദ്രോഹകുറ്റം ചുമത്തി ശാഹു അമ്പലത്തിന്റെ അറസ്റ്റ് ഇന്ന് തന്നെ രേഖപ്പെടുത്തുമെന്ന് വിഴിഞ്ഞം സിഐ കെ.ആര്‍ ബിജു അറിയിച്ചു.