മലപ്പുറത്തേക്ക് കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക്
ലീഗുമായുള്ള ബന്ധം ഊഷ്മളമാക്കാന്‍ കിട്ടിയ അവസരമായിട്ടാണ് തെരഞ്ഞെടുപ്പിനെ എ, ഐ ഗ്രൂപ്പുകള്‍ കാണുന്നത്
മലപ്പുറം തെരഞ്ഞെടുപ്പില്‍ പി കെ കുഞ്ഞാലിക്കുട്ടിക്ക് വേണ്ടി ഗ്രൂപ്പ് വ്യത്യാസമില്ലാതെയാണ് കോണ്‍ഗ്രസ് നേതാക്കളുടെ ഒഴുക്ക്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മണ്ഡലത്തില്‍ സജീവമാകാനാണ് എ, ഐ ഗ്രൂപ്പ് നേതൃത്വം നേതാക്കളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടെ മണ്ഡലത്തില്‍ തമ്പടിച്ചാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രചാരണം.
ഗ്രൂപ്പ് വ്യത്യാസമില്ലാതെ നേതാക്കള്‍ മലപ്പുറത്തേക്ക് ഒഴുകിയെത്തുകയാണ്. ലീഗുമായുള്ള ബന്ധം ഊഷ്മളമാക്കാന്‍ കിട്ടിയ അവസരമായിട്ടാണ് തെരഞ്ഞെടുപ്പിനെ എ, ഐ ഗ്രൂപ്പുകള്‍ കാണുന്നത്. ഒപ്പം കുഞ്ഞാലിക്കുട്ടിയുടെ പിന്തുണ ഉറപ്പ് വരുത്താനാകുമെന്നും നേതാക്കള്‍ കണക്കുകൂട്ടുന്നു.
എ ഗ്രൂപ്പ് നേതാക്കളാണ് മണ്ഡലത്തില്‍ ആദ്യം രംഗത്തിറങ്ങിയത്. ഉമ്മന്‍ചാണ്ടി മുതല്‍ പി സി വിഷ്ണു നാഥ് വരെ മണ്ഡലത്തില്‍ സജീവം. ഗൃഹസന്ദര്‍ശനം നടത്തി പ്രചാരണം കൊഴിപ്പിച്ച് രമേശ് ചെന്നിത്തലയും ഐ ഗ്രൂപ്പും കരുത്തു കാട്ടുന്നു. ഈ ഐക്യം യുഡിഎഫിന് മികച്ച വിജയം നേടിക്കൊടുക്കുമെന്നാണ് ലീഗിന്‍റെ പ്രതീക്ഷ. ലീഗ് നേതാക്കള്‍ യുഡിഎഫ് ഓഫീസില്‍ വിശ്രമിച്ചാല്‍ മതിയെന്ന അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക്.