സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ: ദിലീപിന് പൊലീസ് നോട്ടീസ്
സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ തേടിയ സംഭവത്തില്‍ നടന്‍ ദിലീപിന് പൊലീസിന്‍റെ നോട്ടീസ്.
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ കഴിയുന്ന നടന്‍ ദിലീപിന് പൊലീസ് നോട്ടീസ്. സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ ഏര്‍പ്പാടാക്കിയതിനാണ് ദിലീപിന് പൊലീസ് നോട്ടീസ് നൽകിയത്. ഒപ്പമുള്ളവരുടെ പേരും ആയുധങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ രേഖകളും ഹാജരാക്കണമെന്നും പൊലീസ് നോട്ടീസിലൂടെ ആവശ്യപ്പെട്ടു.
ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്സ് എന്ന ഏജന്‍സി ദിലീപിന് സുരക്ഷ ഒരുക്കുന്നതിന്റെ വിശദാംശങ്ങളാണ് പൊലീസ് തേടുന്നത്. ഏജൻസിയുടെ ലൈസൻസ് ഹാജരാക്കണം. ഏജൻസി ഉപയോഗിക്കുന്ന ആയുധങ്ങളുടെ വിശദാംശങ്ങളും സുരക്ഷാ ജീവനക്കാരുടെ പേരും മറ്റു വിവരങ്ങളും നൽകണമെന്നും പോലീസ് ആവശ്യപ്പെട്ടു. തിങ്കളാഴ്ചക്കകം മറുപടി നൽകണമെന്നാണ് ആലുവ സിഐ നൽകിയ നോട്ടീസിലെ ആവശ്യം.
ദിലീപ് സ്വകാര്യ ഏജൻസിയുടെ സഹായം തേടിയത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണോ എന്നാണ് പൊലീസ് പരിശോധിക്കുന്നത്. ജാമ്യ വ്യവസ്ഥയിൽ പുറത്തിറങ്ങിയ പ്രതിയാണ് ദിലീപ്. അങ്ങനെയുള്ള ഒരാൾക്ക് സുരക്ഷാ ഭീഷണി ഉണ്ടെങ്കിൽ അത് ആദ്യം അറിയിക്കേണ്ടത് തങ്ങളെയാണെന്നാണ് പോലീസ് പറയുന്നത്. അങ്ങനെയൊരു അറിയിപ്പ് ലഭിച്ചിട്ടില്ല. വിശദാംശങ്ങൾ ലഭിക്കുന്ന മുറക്ക് കോടതിയെ അറിയിക്കാനാണ് പൊലീസ് തീരുമാനം.
കഴിഞ്ഞ ദിവസമാണ് സ്വകാര്യ ഏജൻസിയുടെ സഹായം ദിലീപ് തേടിയത്. ഇന്ത്യയില്‍ നിരവധി സംസ്ഥാനങ്ങളില്‍ തണ്ടര്‍ഫോഴ്സ് സ്വകാര്യ സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തുന്നുണ്ട്. വിരമിച്ച മലയാളി ഐപിഎസ് ഉദ്യോഗൻ പി എ വൽസനാണ് ഏജന്‍സിയുടെ കേരളത്തിലെ തലവന്‍.