വരാപ്പുഴയിലെ ഗൃഹനാഥന്‍ ആത്മഹത്യചെയ്ത കേസില്‍ എല്ലാ പ്രതികള്‍ക്കും ജാമ്യം
ദേവസ്വംപാടത്തെ വാസുദേവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു.
വരാപ്പുഴയില്‍ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിഴവ് സമ്മതിച്ച് പൊലീസ് റിപ്പോര്‍ട്ട്. വാസുദേവന്റെ വീട് ആക്രമിച്ച കേസില്‍ ശ്രീജിത്ത് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. കേസിലെ 9 പ്രതികള്‍ക്കും എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.
ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തിലേക്ക് നയിച്ച സംഭവത്തിലാണ് പോലീസ് വീഴ്ച സമ്മതിച്ച് റിപോര്‍ട്ട് നല്‍കിയത്. ദേവസ്വംപാടത്തെ വാസുദേവന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം നിലനില്‍ക്കില്ലെന്ന് പൊലീസ് കോടതിയില്‍ അറിയിച്ചു. പ്രതികളുടെ റിമാന്റ് കാലാവധി നീട്ടുന്നതിനായി കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് അന്വേഷണത്തില്‍ നിന്നും പ്രഥമദൃഷ്ട്യാ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്താനുള്ള തെളിവില്ലെന്നു പോലിസ് കോടതിയെ അറിയിച്ചത്.
തുടര്‍ന്ന് ഈ കേസില്‍ നിന്നും 9 പ്രതികളെയും കോടതി ഒഴിവാക്കി. വീട് ആക്രമണ കേസില്‍ ശ്രീജിത്തിന്റെ സഹോദരന്‍ ഉള്‍പ്പടെ ഉള്ള 9 പ്രതികള്‍ക്ക് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.