പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍: മുഖ്യ പ്രതികള്‍ പിടിയില്‍
ബിജെപി പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരും സിപിഎം പ്രവര്ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ബിജെപി പ്രവര്‍ത്തകരുമാണ് പിടിയിലായത്.
പയ്യന്നൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രധാന പ്രതികള്‍ പിടിയില്‍. ബിജെപി പ്രവര്‍ത്തകന്‍റെ കൊലപാതകത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകരും സിപിഎം പ്രവര്ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നാല് ബിജെപി പ്രവര്‍ത്തകരുമാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തിയേക്കും.
പയ്യന്നൂര്‍ കുന്നരുവിലെ സിപിഎം പ്രവര്ത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പേര്‍ക്കെതിരെയാണ് പോലീസ് കേസ് രജിസ്ട്രര്‍ ചെയ്തത്. ഇതില്‍ നാല് പേരെയാണ് ഇന്നലെ രാത്രി പോലീസ് കസ്റ്റഡിയിലെടുത്തത്. പിടിയിലായവര്‍ പയ്യന്നൂര്‍ കക്കംപാറ സ്വദേശികളായ ബി.ജെ.പി പ്രവര്‍ത്തകരാണ്. ബി.ജെ.പി പ്രവര്‍ത്തകന്‍ രാമചന്ദ്രന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് പേരാണ് ഇപ്പോള്‍ പോലീസ് കസ്റ്റഡിയിലുളളത്. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കാളികളായവരാണന്നാണ് പോലീസ് നല്‍കുന്ന സൂചന. ഈ കേസില്‍ ഡിവൈഎഫ്ഐ നേതാക്കളായ അന്നൂര്‍ സ്വദേശി നന്ദകുമാര്‍, എ.വി രഞ്ജിത്ത് എന്നിവരെ ഒന്നും രണ്ടും പ്രതികളാക്കി 22 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
കസ്റ്റഡിയിലായവരെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്. ഇവരുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ 13ന് രാത്രിയായിരുന്നു പയ്യന്നൂരിലുണ്ടായ രാഷ്ട്രീയ അക്രമങ്ങളില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടത്.