പ്രമുഖ നേതാക്കളുടെ സ്വത്ത് വിവരം തേടി വിജിലന്‍സ്
പ്രമുഖ നേതാക്കളുടെ സ്വത്ത് വിവരങ്ങളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും നല്‍കണമെന്ന് ആദായ നികുതി വകുപ്പിനോട് വിജിലന്‍സ് ആവശ്യപ്പെട്ടു
കൂടുതല്‍ രാഷ്ട്രീയ നേതാക്കളുടെ സ്വത്ത് വിവരങ്ങള്‍ തേടാന്‍ വിജിലന്‍സ് തീരുമാനിച്ചു. ആദ്യപടിയായി വിവരങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിന് വിജിലന്‍സ് ഡയറക്ടര്‍ കത്തയച്ചു. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് സംശയമുള്ള നേതാക്കളുടെ പേരുകള്‍ നല്‍കിയാല്‍ വിവരങ്ങള്‍ നല്‍കാന്‍ തയ്യാറാണന്ന് ആദായ നികുതി വകുപ്പ് മറുപടി നല്‍കിയിട്ടുണ്ട്. മുത്തൂറ്റില്‍ നടത്തിയ പരിശോധനയില്‍ ചില രാഷ്ട്രീയ നേതാക്കള്‍ പണം നിക്ഷേപിച്ചിട്ടുണ്ടന്ന സൂചനകള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു.
കെ ബാബുവിന് പിന്നാലെ കഴിഞ്ഞ മന്ത്രിസഭയിലെ ചില അംഗങ്ങളെ ലക്ഷ്യമിട്ടാണ് വിജിലന്‍സ് പ്രധാനമായും സ്വത്ത് വിവരങ്ങള്‍ ശേഖരിക്കുന്നത്. മുത്തൂറ്റില്‍ ഉന്നത രാഷ്ട്രീയനേതാക്കളുടെ ബിനാമി പണം ഉണ്ടന്ന വാര്‍ത്തകള്‍ തെളിയിക്കാന്‍ പറ്റിയ വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് ഉന്നത രാഷ്ട്രീയ നേതാക്കളുടെ വിവരങ്ങള്‍ കൈമാറണമെന്ന് ആവശ്യപ്പെട്ട് ജേക്കബ് തോമസ് ആദായനികുതി വകുപ്പിന് കത്തയച്ചത്.
വിജിലന്‍സ് ആവശ്യപ്പെട്ട വിവരങ്ങള്‍ കൈമാറാന്‍ തയ്യാറാണെന്ന മറുപടി ആദായ നികുതി വകുപ്പ് നല്‍കി. പക്ഷെ കൃത്യമായ പേരുകള്‍ നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിവരങ്ങള്‍ ശേഖരിക്കേണ്ട ആളുകളുടെ പട്ടിക വിജിലന്‍സ് തയ്യാറാക്കും. യുഡിഎഫ് നേതാക്കള്‍ക്ക് പുറമേ ചില എല്‍ഡിഎഫ് നേതാക്കളുടെ പേരുകള്‍ കൂടി പട്ടികയില്‍ ഉണ്ടാകുമെന്നാണ് സൂചന.