പിഎസ്‍സിക്ക് രൂക്ഷവിമര്‍ശവുമായി സിഎജി റിപ്പോര്‍ട്ട്
ഒഴിവുകള്‍ അറിയിക്കുന്നതിലും വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും വീഴ്ചപറ്റി; സംവരണ തത്വങ്ങള്‍ അട്ടിമറിച്ചു
പിഎസ്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശവുമായി കംപ്ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറലിന്റെ റിപ്പോര്‍ട്ട്. ഒഴിവുകള്‍ അറിയിക്കുന്നതിലും വിജ്ഞാപനങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിലും ഗുരുതര വീഴ്ച സംഭവിച്ചു. പി എസ് സിയുടെ സമീപനങ്ങള്‍ സംവരണം അട്ടിമറിക്കപ്പെടുന്നതിന് കാരണമായതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
പ്രവര്‍ത്തനക്ഷമതാ ഓഡിറ്റിലൂടെ പിഎസ്‍സിയുടെ ഗുരുതര പോരായ്മകളും ന്യൂനതകളുമാണ് വ്യക്തമായിരിക്കുന്നതെന്ന് സിഎജി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഒഴിവുകള്‍ കൃത്യസമയത്ത് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ വീഴ്ച സംഭവിച്ചിട്ടുണ്ട്. വിജ്ഞാപനം പുറപ്പെടുവിക്കുന്നതില്‍ 11 മാസം മുതല്‍ 10 വര്‍ഷം വരെ കാലതാമസമുണ്ടാകുന്നതായും റിപ്പോര്‍ട്ട് വിമര്‍ശിക്കുന്നു. വിവിധ വകുപ്പുകളിലും സ്ഥാപനങ്ങളിലുമായി 128 തസ്തികകളിലായി നികത്തേണ്ടിയിരുന്ന കുറഞ്ഞത് 452 ഒഴിവുകള്‍ക്ക് വിജ്ഞാപനം പുറപ്പെടുവിച്ചില്ല. 2010 മുതല്‍ 15 വരെയുളള വര്‍ഷങ്ങളില്‍ പൂര്‍ത്തീകരിക്കാത്ത നിയമനങ്ങളുടെ സ്ഥിതിവിവരം കാണിക്കുന്നത്, പ്രതിവര്‍ഷം 17 മുതല്‍ 28 ശതമാനം തിരഞ്ഞെടുക്കല്‍ മാത്രമേ നടന്നൂവെന്നാണ്. പലപ്പോഴും സംവരണ തത്വങ്ങളില്‍ പിഎസ്‍സി വിട്ടുവീഴ്ച ചെയ്തതായും കണ്ടെത്തലുണ്ട്.
ഭിന്നശേഷിക്കാര്‍ക്ക് കേന്ദ്രം നിശ്ചയിച്ച യോഗ്യതാ മാനദണ്ഡങ്ങള്‍ പിഎസ്‍സി തിരുത്തിയത് വഴി അത്തരക്കാര്‍ക്ക് നിയമനം നിഷേധിക്കപ്പെട്ടു. നിയമനം ലഭിച്ചവര്‍ ജോലിയില്‍ ചേരാത്തത് മൂലമുണ്ടായ ഒഴിവുകള്‍ പുതിയ ഒഴിവുകളായി കണക്കാക്കിയതിനെതിരെയും റിപ്പോര്‍ട്ടില്‍ വിമര്‍ശമുണ്ട്. ഇതിലൂടെ ചില വിഭാഗങ്ങള്‍ക്ക് അവസരം നിഷേധിക്കപ്പെട്ടു.
പിഎസ്‍സിയുടെ ഈ നടപടി അംഗീകരിക്കാനാവില്ലെന്നും വിവിധ വിഭാഗങ്ങള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും നഷ്ടമായ ഊഴങ്ങള്‍ പുനഃസ്ഥാപിക്കാന്‍ നടപടി സ്വീകരിക്കണമെന്നും സി എജി നിര്‍ദേശിക്കുന്നുണ്ട്. തതുല്യയോഗ്യത അംഗീകരിക്കുന്നതില്‍ വ്യാപക ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഒറ്റത്തവണ രജിസ്ട്രേഷന്‍ സംവിധാനത്തില്‍ പോരായ്മകളുണ്ട്. 10 കോടിയോളം രൂപ വകമാറ്റി വിനിയോഗിച്ചതായും സിഎജി റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിട്ടുണ്ട്.