കേരളത്തിലെ മൂന്ന് സ്വാശ്രയ കോളജുകളിലെ പ്രവേശം അംഗീകരിക്കുന്നതായി സുപ്രീംകോടതി
വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറക്കും. 400 വിദ്യാര്‍ഥികളുടെ ഭാവി ത്രിശങ്കുവിലെന്ന് കോടതി
കേരളത്തിലെ മൂന്ന് സ്വാശ്രയ കോളേജുകളില്‍ പ്രവേശം നേടിയ 400 വിദ്യാര്‍ത്ഥികളുടെ പ്രവേശം അംഗീകരിക്കുന്നതായി സുപ്രിം കോടതി. വിഷയത്തില്‍ വിശദമായ ഉത്തരവ് ഉടന്‍ പുറത്തിറക്കുമെന്ന് കോടതി പറഞ്ഞു. നാനൂറ് വിദ്യാര്‍ത്ഥികളുടെ ഭാവി തൃശങ്കുവിലാണെന്നും, പ്രവേശത്തിന് അനുമതി നിഷേധിക്കാനായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്ന ന്യൂനതകള്‍ നാമമാത്രമാണെന്നും കോടതി പറഞ്ഞു.
ഒരു മാസത്തോളം നീണ്ട് നിന്ന അനിശ്ചതത്വത്തിനൊടുവിലാണ് തോടുപുഴ അല്‍ അസ്ഹര്‍, ഡിഎം വയനാട്, അടൂര്‍ മൗണ്ട് സിയോണ്‍ എന്നീ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശം നേടിയ നാന്നൂറ് വിദ്യാര്‍ത്ഥികളുടെ ഭാവി കാര്യത്തില്‍ സുപ്രിംകോടതി തീരുമാനമെടുത്തത്. രണ്ട് കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. 1. നാനൂറ് വിദ്യാര്‍ത്ഥികളുടെ ഭാവി, 2. മൂന്ന് കോളേജുകള്‍ക്കും അനുമതി നിഷേധിക്കാനുള്ള കാരണമായി കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത് നാമമാത്രമായ ന്യൂനതകള്‍.
ഈ അധ്യാനവര്‍ഷം ഇനി ഒരു കോളേജുകള്‍ക്കും പുതുതായി പ്രവേശനാനുമതി നല്‍കാന്‍ പാടില്ലെന്ന സുപ്രം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാരും, മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും പ്രവേശനാനുമതി നല്‍കുന്നതിനെ എതിര്‍ത്തെങ്കിലും കോടതി അംഗീകരിച്ചില്ല. പാലക്കാട് റോയല്‍ ട്രസ്റ്റിന്റെ കാര്യത്തില്‍ പുറപ്പെടുവിച്ച ഉത്തരവ് ആ കേസിന് മാത്രമാണ് ബാധകമാവുകയെന്ന മാനേജ്‌മെന്റുകളുടെ വാദം കോടതി അംഗീകരിച്ചു. വാക്കാലാണ് കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിച്ചത്. എഴുതി തയ്യാറാക്കിയ വിശദ ഉത്തരവ് ഉടന്‍ പുറത്തിറക്കും.