റബര്‍ വിലയിടിവ് തുടര്‍ക്കഥ
140 രൂപ വരെ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 125 രൂപയാണ് ലഭിക്കുന്നത്.
ആഭ്യന്തര വിപണയില്‍ റബര്‍ വിലയിടവ് തുടര്‍ക്കഥയാകുന്നു. മാസങ്ങള്‍ക്ക് മുന്‍പ് 140 രൂപ വരെ ഉയര്‍ന്ന റബര്‍ വില ഇപ്പോള്‍ 125 രൂപയിലേക്കാണ് കൂപ്പുകുത്തിയിരിക്കുന്നത്. വിലയിടവിനൊപ്പം ജിഎസ്ടി ഉയര്‍ത്തുന്ന ആശങ്കയും റബര്‍ കര്‍ഷകരെ ദുരിതത്തിലാക്കുകയാണ്.
.മഴമാറി ഉല്പാദനം വര്‍ദ്ധിച്ചു. വരും മാസങ്ങളിലും ഇരട്ടിയിലധികമായി ഉല്‍പാദനം വര്‍ദ്ധിക്കും. എന്നിട്ടും റബര്‍ കര്‍ഷകരുടെ ആശങ്ക മാറിയിട്ടില്ല. കാരണം വിലയിടിവ് തുടര്‍ക്കഥയാകുന്നത് തന്നെ. 140 രൂപ വരെ ലഭിച്ചിരുന്നിടത്ത് ഇപ്പോള്‍ 125 രൂപയാണ് ലഭിക്കുന്നത്. ടയര്‍ കമ്പനികള്‍ വിപണിയില്‍ നിന്ന് മാറി നില്‍ക്കുന്നതും അന്താരാഷ്ട്രവിപണിയിലെ വിലയിടിവുമാണ് ഇതിന് പ്രധാന കാരണം.
കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹാരം കാണേണ്ട റബര്‍ ബോര്‍ഡിന് പോലും വിലയിടിവില്‍ നിന്നും കര്‍ഷകരെ രക്ഷിക്കാന്‍ സാധിക്കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ സാമ്പത്തിക ഉത്തേജക പാക്കേജ് നല്‍കുന്നുണ്ടെങ്കിലും ഇത് എല്ലാ കര്‍ഷകരിലേക്കും എത്തിയിട്ടില്ല. ചില പോരായ്മകളും ഇതിലുണ്ട്. ഇതിനെല്ലാം പുറമേ ജിഎസ്ടി ഉയര്‍ത്തുന്ന വെല്ലുവിളിയും കര്‍ഷകരെ തളര്‍ത്തുന്നു.
കര്‍ഷകരെ സഹായിക്കാന്‍ അമൂല്‍ മാതൃകയില്‍ കമ്പനി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ഇതും എങ്ങുമെത്തിയില്ല.