അയല്‍വാസിയില്‍ നിന്ന് ഭീഷണിയെന്ന് കാട്ടി ജിഷയുടെ അമ്മ നല്‍കിയ പരാതി പുറത്ത്

Update: 2018-05-26 17:06 GMT
Editor : admin
അയല്‍വാസിയില്‍ നിന്ന് ഭീഷണിയെന്ന് കാട്ടി ജിഷയുടെ അമ്മ നല്‍കിയ പരാതി പുറത്ത്
Advertising

അയല്‍വാസിയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജിഷയുടെ അമ്മ രാജേശ്വരി ആലുവ റൂറല്‍ എസ്പിക്ക് നല്‍കിയ കത്ത് മീഡിയവണിന് ലഭിച്ചു.

Full View

അയല്‍വാസിയില്‍ നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജിഷയുടെ അമ്മ രാജേശ്വരി ആലുവ റൂറല്‍ എസ്പിക്ക് നല്‍കിയ കത്ത് മീഡിയവണിന് ലഭിച്ചു. കനാല്‍ പുറമ്പോക്കില്‍ നിന്ന് ഒഴിഞ്ഞ് പോകണമെന്ന ഭീഷണിയും ഉപദ്രവവും അയല്‍വാസിയില്‍ നിന്ന് ഉണ്ടെന്ന് കത്തില്‍ പറയുന്നു. ജിഷയും അമ്മയും നല്‍കിയ പരാതികളില്‍ പൊലീസ് നടപടി എടുത്തില്ലെന്നാണ് ഈ കത്ത് സൂചിപ്പിക്കുന്നത്.

സര്‍,

"ഭര്‍ത്താവില്ലാത്ത ഞാന്‍ കൂലിവേല ചെയ്താണ് കഴിഞ്ഞ് പോകുന്നത്. രാവിലെ പണിക്ക് പോയിക്കഴിഞ്ഞാല്‍ എന്റെ മകളോട് മോശമായ രീതിയില്‍ പെരുമാറുകയും അപഹാസ്യമായ രീതിയില്‍ അവര്‍ തെറിവിളിക്കുകയും ചെയ്യുന്നു. പുറമ്പോക്കിലെ വീട്ടില്‍ നിന്ന് ഒഴിഞ്ഞ് പോയില്ലെങ്കില്‍ നിന്നെയും മകളെയും കൊല്ലുമെടീ എന്നും ചീത്തവാക്കുകളും അവര്‍ വീടിന്റെ ഭിത്തിയില്‍ എഴുതി ഒട്ടിക്കുന്നു".

2014 മെയ് പതിനേഴാം തീയതി ജിഷയുടെ അമ്മ രാജേശ്വരി ആലുവ റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയാണിത്. ഭര്‍ത്താവുപേക്ഷിച്ച് പുറമ്പോക്കില്‍ താമസിക്കുന്ന തന്നെയും മകളെയും അയല്‍വാസിയായ കണ്ണന്‍ ഭീഷണിപ്പെടുത്തുകയും ഉപദ്രവിക്കുകയും ചെയ്യുന്നതായി കത്തില്‍ പറയുന്നു.

ഇവിടെ കിടന്നാല്‍ മകളെ പഠിത്തക്കാരിയാക്കില്ലേ എന്ന് പറഞ്ഞും ഉപദ്രവം തുടര്‍ന്നു. കുറുപ്പുംപടി പൊലീസിന് നിരവധി പരാതി നല്‍കിയെങ്കിലും ഭ്രാന്തി എന്ന് മുദ്രകുത്തി അയല്‍വാസിയോടൊപ്പം ചേരുകയാണ് പൊലീസ് ചെയ്തതെന്നും പരാതിയിലുണ്ട്. എന്നാല്‍ ജിഷയുടെ അമ്മക്ക് മാനസിക രോഗമില്ലെന്ന് ഇവരെ അടുത്തറിയുന്നവര്‍ പറയുന്നു.

28 വര്‍ഷമായി പുറമ്പോക്കില്‍ താമസിക്കുന്ന തങ്ങള്‍ക്ക് ഭൂമി പതിച്ച് കിട്ടാനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളതാണെന്നും 3 സെന്റ് ഭൂമിക്കായി സര്‍ക്കാരിന് അപേക്ഷ നല്‍കിയെങ്കിലും നടപടിയൊന്നുമുണ്ടായില്ലെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. അയല്‍വാസിയുടെ ഉപദ്രവത്തില്‍ നിന്ന് മോചിപ്പിച്ച് നീതി നടപ്പാക്കണമെന്ന് അഭ്യര്‍ത്ഥിച്ചാണ് ജിഷയുടെ അമ്മയുടെ കത്ത് അവസാനിക്കുന്നത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News