വെട്ടിനിരത്തിയില്ല, മരം വെച്ചുപിടിച്ച് വീട്ടുമുറ്റത്ത് കാടൊരുക്കി ഇവിടെ ഒരു കുടുംബം
പരിസരം വെട്ടി നിരത്തി ചൂടിനെ പഴിക്കുന്നവര്‍ക്ക് മരങ്ങള്‍ വെച്ചുപിടിപ്പിച്ച് മാതൃകയാവുന്ന ഒരമ്മയെയും മകളെയും ഈ പരിസ്ഥിതി ദിനത്തില്‍ പരിചയപ്പെടാം.
പരിസരം വെട്ടി നിരത്തി ചൂടിനെ പഴിക്കുന്നവര്‍ക്ക് മരങ്ങള്‍ വെച്ചുപിടിപ്പിച്ച് മാതൃകയാവുന്ന ഒരമ്മയെയും മകളെയും ഈ പരിസ്ഥിതി ദിനത്തില്‍ പരിചയപ്പെടാം. ആലപ്പുഴ ജില്ലയിലെ കണ്ടല്ലൂര്‍ കൊല്ലകയില്‍ ദേവകിയമ്മയും അധ്യാപികയായ മകളും വീടിന്റെ പരിസരം കാടാക്കി മാറ്റിയിരിക്കുകയാണ്. ഇരുവര്‍ക്കും കേന്ദ്രസര്‍ക്കാര്‍ പുരസ്‌കാരമായ ഇന്ദിരാഗാന്ധി വൃക്ഷമിത്ര അവാര്‍ഡും ലഭിച്ചു.
പടിഞ്ഞാറുനിന്നുള്ള ഉപ്പുകാറ്റും നിലത്തെ ചൊരിമണലും കൊണ്ട് മരം വളരില്ലെന്ന് വിധിപറഞ്ഞ മണ്ണിലാണ് പച്ചപ്പിന്റെ വനമൊരുക്കിയിരിക്കുന്നത്. റോഡപകടത്തില്‍ പരിക്ക് പറ്റി വീട്ടിലിരുന്നപ്പോള്‍ ദേവകിയമ്മക്ക് തോന്നിയ വിനോദം കാര്യമായപ്പോള്‍ കാടില്ലാത്ത ജില്ലയില്‍ കാടുണ്ടായി.
അമ്മയുടെ വിനോദം കൂടെക്കൂട്ടി തിരുവനന്തപുരം എഞ്ചിനീയറിംഗ് കോളജിലെ അധ്യാപനകാലത്ത് അവിടെ കാടൊരുക്കി മകള്‍. അമ്മക്ക് അവാര്‍ഡ് ലഭിച്ച തൊട്ടടുത്ത വര്‍ഷം തന്നെ മകളെയും ഇന്ദിരാഗാന്ധി വൃക്ഷമിത്ര അവാര്‍ഡ് തേടിയെത്തി. ജോലിയില്‍ നിന്ന് വിരമിച്ച ശേഷം അമ്മക്കൊപ്പം ചേര്‍ന്നതോടെ മരങ്ങളുടെ ശാസ്ത്രീയ നാമമടക്കം സന്ദര്‍ശകര്‍ക്ക് പകര്‍ന്ന് നല്‍കി കാട്ടില്‍ വിജ്ഞാനത്തിന് വിരുന്നൊരുക്കുന്നു. അപൂര്‍വ്വ മരങ്ങള്‍ എവിടെയുണ്ടെങ്കിലും തേടിപ്പിടിച്ച് ഇവിടെയെത്തിക്കും. അങ്ങനെ ചൂടുകാലത്തെ ശപിക്കുന്നവര്‍ക്ക് പാഠമൊരുക്കുകയാണിവിടെ.
മരങ്ങളുടെ പച്ചപ്പിനിടയില്‍ ദേശാടനക്കിളികളും ശലഭങ്ങളും ഇവിടെ സജീവമാണ്. വര്‍ഷങ്ങളായി തുടരുന്ന ഈ പ്രകൃതി സൌന്ദര്യം ആസ്വദിക്കാനും മരങ്ങളെക്കുറിച്ച വിശേഷമറിയാനും വിദ്യാര്‍ഥികളടക്കം നിരവധിപേരാണെത്തുന്നത്.