പനാമയിലെ കള്ളപ്പണം: ഐസ്‍ലാന്‍ഡ് പ്രധാനമന്ത്രി രാജിവെച്ചു

Update: 2018-05-27 06:02 GMT
Editor : admin
പനാമയിലെ കള്ളപ്പണം: ഐസ്‍ലാന്‍ഡ് പ്രധാനമന്ത്രി രാജിവെച്ചു
Advertising

പനാമ ലീക്സില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് ഐസ്‍‌ലാന്‍ഡ് പ്രധാനമന്ത്രി രാജി വെച്ചു.

പനാമ ലീക്സില്‍ ആരോപണ വിധേയനായതിനെ തുടര്‍ന്ന് ഐസ്‍‌ലാന്‍ഡ് പ്രധാനമന്ത്രി രാജി വെച്ചു. പാര്‍ലമെന്റ് പിരിച്ചുവിടാനും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിക്കുന്ന പനാമയിലെ ധനകാര്യ സ്ഥപനത്തില്‍ പണം നിക്ഷേപിച്ച പ്രമുഖരുടെ പട്ടികയില്‍ പ്രധാനമന്ത്രിയും ഭാര്യയും ഇടംപിടിച്ചതിനെ തുടര്‍ന്ന് വന്‍ പ്രതിഷേധമാണ് രാജ്യത്തുയര്‍ന്നത്. ഇതിന് പിന്നാലെയാണ് രാജിയും പാര്‍ലമെന്റ് പിരിച്ചുവിടാനും ആവശ്യപ്പെട്ടത്.

മധ്യ തെക്കന്‍ അമേരിക്കന്‍ രാജ്യമായ പനാമയില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനും നികുതി വെട്ടിപ്പ് നടത്തുന്നതിനും സഹായവും ഉപദേശവും നല്‍കി പ്രവര്‍ത്തിക്കുന്ന മൊസ്സാക് ഫോന്‍സേക എന്ന സ്ഥാപനത്തിലെ വിവരങ്ങളാണ് കഴിഞ്ഞ ദിവസം പുറത്തുവന്നത്. പട്ടികയില്‍ ഐസ്‌ലാന്‍ഡ് പ്രധാനമന്ത്രി സിങ്മുന്തുര്‍ ഗുന്‍ലോഗ്സണും ഭാര്യയും ഇടംപിടിച്ചെന്നാരോപിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ പ്രതിഷേധപ്രകടനങ്ങള്‍ നടന്നു. പ്രധാനമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം പാര്‍ലമെന്റിന് മുന്നിലും പ്രതിഷേധം നടന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ഗുണ്‍ലോഗ്സന്റെ രാജി. പാര്‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് നടത്താനും പ്രധാനമന്ത്രി, പ്രസിഡന്റ് ഒലാഫുര്‍ രാഗ്‌നര്‍ ഗ്രിംസനോട് ആവശ്യപ്പെട്ടു. എന്നാല്‍ മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളോട് ആലോചിക്കാതെ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ഗ്രിംസണ്‍ പ്രതികരിച്ചു. ഭൂരിപക്ഷ പിന്തുണയോടെയല്ലാതെ പാര്‍ലമെന്റ് പിരിച്ചുവിടാന്‍ കഴിയില്ലെന്നും പ്രസിഡന്റ് പറഞ്ഞു.

എന്നാല്‍‌ പ്രധാനമന്ത്രിയുടെ നിര്‍ദേശത്തെ തള്ളിയ പ്രസിഡന്റിന്റെ നടപടിയെ അസാധാരണമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍‌ വിലയിരുത്തുന്നത്‍. 50 രാജ്യങ്ങളിലെ 140 രാഷ്ട്രീയനേതാക്കളുടെ പേരാണ് ചോർന്ന പട്ടികയിലുള്ളത്. റഷ്യൻ പ്രസിഡന്റ് വ്ളദിമിർ പുടിൻ, പാകിസ്താൻ പ്രധാനമന്ത്രി നവാസ് ശരീഫ്, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് എന്നിവരുടെ ബന്ധുക്കളുടെ പേരുകളും പട്ടികയിലുണ്ട്. അര്‍ജന്റീനന്‍ ഫുട്ബോള്‍ താരം ലയണല്‍ മെസി, മിഷേല്‍ പ്ലാറ്റിനി, ബ്രസീല്‍, ഉറുഗ്വെ, ഇംഗ്ലണ്ട്, തുര്‍ക്കി, സെര്‍ബിയ, നെതര്‍ലന്റ്സ്, സ്വീഡന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഫുട്ബോള്‍ താരങ്ങളും പനാമ പട്ടികയിലുണ്ടെന്നാണ് വിവരം. കളളപ്പണം സ്വീകരിച്ച് നികുതി ഇളവുകളുളള രാജ്യങ്ങളിലെ കമ്പനികളിലും ട്രസ്റ്റുകളിലും നിക്ഷേപിച്ച് നിക്ഷേപകർക്ക് ആനുകൂല്യങ്ങൾ നേടിക്കൊടുക്കുകയാണ് മൊസ്സാക് ഫോന്‍സേക കമ്പനിയുടെ പ്രവര്‍‌ത്തന രീതി.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News