നാദാപുരത്തെ ബോംബ് സ്ഫോടനം യുഡിഎഫ് പ്രചരണ വിഷയമാക്കുന്നു
ബോംബ് നിര്‍മാണത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഭവം യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കാക്കുന്നു.
ബോംബ് നിര്‍മാണത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റ സംഭവം യുഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണ വിഷയമാക്കാക്കുന്നു. കണ്ണൂര്‍ ജില്ലയിലെ പോലെ കോഴിക്കോട് ജില്ലയിലും അക്രമത്തിലൂടെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് സിപിഎം നീക്കമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചു. നിര്‍മാണത്തിനിടെ ബോംബ് പൊട്ടിയ നാദാപുരത്തെ തെരുവന്‍ പറമ്പില്‍ യുഡിഎഫിന്റെ നേതൃത്വത്തില്‍ ശാന്തി സംഗമം നടന്നു. അതേസമയം ബോംബ് സ്ഫോടനത്തില്‍ സമഗ്രമായ അന്വേഷണം വേണെമെന്നാണ് സിപിഎം നിലപാട്.
കഴിഞ്ഞ വിഷുവിന് രാത്രി കോഴിക്കോട് ജില്ലയിലെ അഴിയൂരില്‍ ഉഗ്രശേഷിയുള്ള സ്ഫോടക വസ്തു കൈകാര്യം ചെയ്യുന്നതിനിടെ പൊട്ടിത്തെറിയുണ്ടായി. ഒരു ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ മരിക്കുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍പ്പിക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം നിര്‍മാണത്തിനിടെ ബോംബ് പെട്ടിത്തെറിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റത്. കുറ്റ്യാടി, നാദാപുരം മണ്ഡലങ്ങളില്‍ മുന്‍ കാലങ്ങളില്ലാത്ത രീതിയില്‍ തങ്ങള്‍ക്കനുകൂലമായി ചില ധ്രുവീകരണങ്ങള്‍ ഈ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടായതായി യുഡിഎഫ് കണക്ക് കൂട്ടുന്നു. ബോംബ് കേസ് സമര്‍ത്ഥമായി ഉപയോഗിച്ചാല്‍ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ മുന്‍തൂക്കം നേടാമെന്നാണ് യുഡിഎഫിന്റെ വിശ്വാസം.
തൂണേരിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്റെ കൊലപാത കേസ് അതിന്റെ അന്തിമഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യവും തെരഞ്ഞെടുപ്പും പ്രമാണിച്ച് കൂടുതല്‍ അക്രമ സംഭവങ്ങള്‍ നാദാപുരം, കുറ്റ്യാടി മേഖലയിലുണ്ടാവാനുള്ള സാഹചര്യം പോലീസ് മുന്‍കൂട്ടി കാണുന്നുണ്ട്. അതുകൊണ്ട് തന്നെ നാദാപുരം മേഖലയെ അതീവ ജാഗ്രത മേഖലയായി കണ്ട് സുരക്ഷ ശക്തിപ്പെടുത്താനാണ് പോലീസിന്റെ നീക്കം. സംസ്ഥാന പോലീസിന് പുറമെ സിആര്‍പിഎഫ് ഉള്‍പ്പെടെയുള്ള വിഭാഗങ്ങളേയും കൂടുതലായി നാദാപുരത്ത് ഉടന്‍ വിന്യസിക്കും.