ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‍പെന്‍ഷന്‍

Update: 2018-05-27 06:35 GMT
ഡിജിപി ജേക്കബ് തോമസിന് വീണ്ടും സസ്‍പെന്‍ഷന്‍
Advertising

സര്‍ക്കാരിന്റെ അനുമതിയില്ലാതെ പുസ്തകം എഴുതിയതിനാണ് നടപടി

ഡി ജി പി ജേക്കബ് തോമസിന് വീണ്ടും സസ്‍പെന്‍ഷൻ. സർക്കാർ അനുമതിയില്ലാതെ പുസ്തകങ്ങൾ എഴുതിയതിനാണ് ഇത്തവണ സസ്‍പെന്‍ഷൻ. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചീഫ് സെക്രട്ടറിയാണ് നടപടി സ്വീകരിച്ചത്. വിശദീകരണം നൽകാൻ അന്വേഷണ സമിതി നിർദ്ദേശിച്ചിട്ടും ജേക്കബ് തോമസ് ഹാജരാകാത്തതാണ് കർശന നടപടിക്ക് കാരണമെന്നാണ് സൂചന.

ഓഖി വിഷയത്തിൽ സർക്കാർ വിരുദ്ധ പരാമർശങ്ങൾ നടത്തിയതിന് സസ്‍പെൻഷൻ നടപടി നേരിടുന്നതിനിടെയാണ് ജേക്കബ് തോമസിനെ വീണ്ടും സസ്‍പെൻഡ് ചെയ്ത് സർക്കാർ ഉത്തരവിറക്കിയത്. സർക്കാർ അനുമതിയില്ലാതെ പുസ്തകങ്ങൾ എഴുതിയതിനാണ് നടപടി. സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന ആദ്യ പുസ്തകത്തിലും, കാര്യവും കാരണവും എന്ന രണ്ടാമത്തെ പുസ്തകത്തിലും ചട്ടവിരുദ്ധമായ നടപടികൾ ഉണ്ടായെന്ന്
കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സസ്‍പെന്‍ഷൻ.

വിജിലൻസ് ഡയറക്ടറായിരിക്കെ പരിഗണനയിലുണ്ടായിരുന്ന കേസുകളെക്കുറിച്ചും സർക്കാർ നയങ്ങളെ വിമർശിച്ചും പുസ്തകങ്ങളിൽ
പരാമർശങ്ങളുണ്ടായിരുന്നു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതിയാണ് അച്ചടക്ക ലംഘനം കണ്ടെത്തിയത്. തുടർന്ന് വിശദമായ അന്വേഷണം നടത്താൻ അഡീഷണൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ അധ്യക്ഷനായ സമിതിയെ ചുമതലപ്പെടുത്തിയിരുന്നു.. എന്നാൽ സമിതിക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകാനുള്ള നിർദ്ദേശം ജേക്കബ് തോമസ് പാലിച്ചില്ല. അച്ചടക്ക ലംഘനം തുടരുന്ന പശ്ചാത്തലത്തിലാണ് സർക്കാർ കടുത്ത നടപടിയിലേക്ക് നീങ്ങിയത്.

മുഖ്യമന്ത്രിയുടെ അനുമതിയോടെ ചീഫ് സെക്രട്ടറി പോൾ ആന്റണിയുടേതാണ് സസ്‍പെന്‍ഷൻ ഉത്തരവ്. സംസ്ഥാനത്തെ ഏറ്റവും മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരിൽ ഒരാൾ സസ്‍പെൻഷന് മേൽ സസ്‍പെൻഷൻ നടപടി നേരിടുന്നത് അപൂർവ്വമാണ്.

Tags:    

Similar News