നേമത്ത് വോട്ട് കച്ചവടം നടന്നെന്ന് യൂത്ത് കോണ്‍ഗ്രസ്
ഇക്കാര്യം എഐസിസി നേരിട്ട് പരിശോധിക്കണമെന്ന് സംസ്ഥാനകമ്മിറ്റിയില്‍ ആവശ്യപ്പെട്ടു.
ബിജെപി സ്ഥാനാര്‍ഥി ഒ രാജഗോപാല്‍ വിജയിച്ച നേമം നിയോജക മണ്ഡലത്തില്‍ വോട്ട് കച്ചവടം നടന്നെന്ന വിമര്‍ശവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വം രംഗത്ത്. സര്‍ക്കാറിന്റെ അവസാന കാലത്ത് വിവാദ തീരുമാനങ്ങളെടുത്തതും അഴിമതി ആരോപിതര്‍ മത്സരിച്ചതും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും സംസ്ഥാന കമ്മിറ്റിയില്‍ വിമര്‍ശം ഉയര്‍ന്നു.
നേതൃ തലത്തില്‍ മാറ്റം വരണമെന്ന പൊതു അഭിപ്രായം യൂത്ത് സംസ്ഥാന കമ്മിറ്റിയിലുണ്ടായി. മുഴുവന്‍ ഡിസിസികൾക്കെതിരെയും രൂക്ഷ വിമര്‍ശവും കമ്മിറ്റിയില്‍ ഉയര്‍ന്നു. എല്ലാ ഡി സി സി കമ്മിറ്റികളും ജംബോ കമ്മിറ്റികളാണ്. ഇവ പിരിച്ചുവിടണം. തിരുവനന്തപുരം ഡിസിസിക്കെതിരെയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശമുയര്‍ന്നത്. പ്രസിഡന്റ് കരകുളം കൃഷ്ണപിള്ളയുടെ പേരെടുത്തും ചില കമ്മിറ്റി അംഗങ്ങള്‍ വിമര്‍ശമുന്നയിച്ചു. വോട്ട് കച്ചവടം നടന്ന നേമത്ത് എ ഐ സി സി നേരിട്ട് പരിശോധന നടത്തണം. അഴിമതിയാരോപിതരായവര്‍ മത്സരിച്ചതാണ് തെരഞ്ഞെടുപ്പില്‍ തോല്‍വിക്കിടയാക്കിയത്.
സര്‍ക്കാര്‍ അവസാന കാലത്ത് ഇറക്കിയ വിവാദ ഉത്തരവുകളും തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ഇന്ന് രാവിലെ 11ന് കെ പി സി സി ആസ്ഥാനത്ത് നടന്ന സംസ്ഥാന കമ്മിറ്റിയിലാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ചത്.