സ്വാതന്ത്ര്യ സമര പോരാട്ട സ്മരണയില്‍ പയ്യന്നൂര്‍
ഉചിതമായ സ്മാരകവും ഗ്യാലറിയും വേണമെന്ന് പഴമക്കാര്‍
ഭാരതം എഴുപതാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോള്‍ ഉജ്ജ്വലമായ സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഉള്‍ത്തുടിപ്പാര്‍ന്ന ഓര്‍മ്മകളിലാണ് പയ്യന്നൂര്‍. ബ്രിട്ടീഷ് ഭരണത്തിന്‍കീഴില്‍നിന്നും രാജ്യത്തിന് പരിപൂര്‍ണ സ്വാതന്ത്ര്യമെന്ന ചരിത്രപരമായ ആവശ്യം ആദ്യമായി ഉയര്‍ന്നത് രണ്ടാം ബര്‍ദോളിയെന്ന് വിളിപ്പേരുളള പയ്യന്നൂരിന്റെ മണ്ണില്‍നിന്നായിരുന്നു.
ഇന്ത്യന്‍ സ്വാതന്ത്ര്യസമരചരിത്രത്തിന്റെ ഏടുകളില്‍ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തിയ പേരാണ് പയ്യന്നൂരിന്റേത്. 1920ല്‍ ഗാന്ധിജിയുടെ വിദേശ വസ്ത്രബഹിഷ്ക്കരണാഹ്വാനം ഏറ്റെടുത്ത പയ്യന്നൂര്‍ 1925 ആയപ്പോഴേക്കും കുഞ്ഞിമംഗലവും വെളളൂരുമടക്കമുളള തെരുവുകളില്‍ നൂല്‍നൂല്‍പ്പും നെയ്ത്തും ആരംഭിച്ച് ആ സഹനസമരത്തിന് പാതയൊരുക്കി. അതുകൊണ്ട് തന്നെയാവാം കോണ്‍ഗ്രസിന്റെ ചരിത്രപ്രസിദ്ധമായ നാലാം രാഷ്ട്രീയ സമ്മേളനത്തിന് ആതിഥ്യം വഹിക്കാനുളള ചരിത്ര നിയോഗവും ഈ നാടിനായിരുന്നു.
1930 ല്‍ ഗാന്ധിജി ദണ്ഡിയിലേക്ക് ഉപ്പുകുറുക്കാന്‍ യാത്ര പുറപ്പെട്ടപ്പോള്‍ കേരളഗാന്ധി കെ.കേളപ്പന്‍ നിയമലംഘനസമരത്തിന് തെരഞ്ഞെടുത്തത് പയ്യന്നൂരിലെ ഉളിയത്ത് കടവായിരുന്നു. 1934ല്‍ മഹാത്മാഗാന്ധി മലബാര്‍പര്യടനത്തിന്റെ ഭാഗമായി ആദ്യമെത്തിയതും പയ്യന്നൂരിലായിരുന്നു. സ്വാമി ആനന്ദതീര്‍ത്ഥന്‍ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയത്തിനു മുന്നില്‍ ഗാന്ധിജി നട്ട മാവ് തുടിക്കുന്ന സ്മരണയായി ഇന്നും ഇവിടെ ബാക്കി നില്‍ക്കുന്നു.
എന്നാല്‍ സ്വാതന്ത്ര്യം ലഭിച്ച് ഏഴ് പതിറ്റാണ്ട് തികയുമ്പോഴും ഉചിതമായ ഒരു സമരസ്മാരകം പോലും ഈ മണ്ണിലില്ലാ എന്നതാണ് പഴയ തലമുറയുടെ ദുഃഖം. കാലം സാക്ഷി നില്‍ക്കുന്ന ഈ നാടിനെ വരും തലമുറക്കായ്ക്കായുളള ഒരു ചരിത്ര പുസ്തകമായി സൂക്ഷിച്ചുവെക്കണമെന്നത് മാത്രമാണ് ഇവരുടെ ആവശ്യവും.