അട്ടപ്പാടിയിലെ വരഗാര്‍ നദി വറ്റി
പുതൂര്‍ പഞ്ചായത്തിലെ പത്ത് ഊരുകളിലായി 3000 ആദിവാസികള്‍ വെള്ളത്തിനായി ആശ്രയിക്കുന്നത് വരഗാറിനെയാണ്.
അട്ടപ്പാടിലെ ആദിവാസി മേഖലകളില്‍ വെള്ളമെത്തിക്കുന്ന ഭവാനിനദിയുടെ പ്രധാന പോഷക നദിയായ വരഗാര്‍ വറ്റി. അപ്പര്‍ഭവാനിയില്‍ തമിഴ്‌നാട് വെള്ളം വഴിതിരിച്ചു കൊണ്ടുപോകുന്നതാണ് വരഗാര്‍ വറ്റാനുള്ള പ്രധാന കാരണം. പുഴ വറ്റി വരണ്ടതോടെ മഴയില്ലാതെ ദുരുതമനുഭവിക്കുകയാണ് കിഴക്കന്‍ അട്ടപ്പാടിയിലെ ആദിവാസികള്‍.
ഒരു കാലത്ത് സമൃദ്ധമായി ഒഴുകിയിരുന്ന നദിയായിരുന്നു ഇത്. അപ്പര്‍ ഭവാനിയിലാണ് ഇതിന്റെ ഉത്ഭവം. ഇന്നിവിടെയുള്ളത് വരണ്ട ഈ കാഴ്ചകള്‍. അനധികൃതമായ മണലൂറ്റല്‍, വലിയ മോട്ടോര്‍ പമ്പുകള്‍ ഉപയോഗിച്ച് സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും നടത്തുന്ന ജലമൂറ്റല്‍ എന്നിവ കാരണം ചെറിയ നീര്‍ച്ചാലായി വരഗാര്‍ മാറിയിരുന്നു. അതിനു പുറമെ തമിഴ്‌നാട് വെള്ളം വഴിതിരിച്ചു വിട്ടതോടെ പുഴ പൂര്‍ണമായും വരണ്ടു.
പുതൂര്‍ പഞ്ചായത്തിലെ പത്ത് ഊരുകളിലായി 3000 ആദിവാസികള്‍ വെള്ളത്തിനായി ആശ്രയിക്കുന്നത് വരഗാറിനെയാണ്. പുഴ വറ്റിയതോടെ ഇവര്‍ കടുത്ത ആശങ്കയിലാണ് പോഷകാഹാരക്കുറവ് മൂലം ശിശു മരണങ്ങള്‍ ആവര്‍ത്തിക്കുന്ന അട്ടപ്പാടിയില്‍ കുടിവെള്ളം പോലും കിട്ടാതാകുന്നത് വലിയ പ്രശ്‌നങ്ങള്‍ക്കിടയാക്കും.