കൊല്ലത്ത് കോര്‍പറേഷന്‍ ആസ്ഥാനം വരെ തെരുവ് നായകള്‍ കയ്യടക്കി
കോര്‍പ്പറേഷന്‍ ആസ്ഥാനവും കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 4 കേന്ദ്രങ്ങളിലുമാണ് നഗരത്തില്‍ തെരുവ് നായ്ക്കള്‍ താവളമാക്കിയിരിക്കുന്നത്
കൊല്ലത്ത് കോര്‍പ്പറേഷന്‍ ആസ്ഥാനം വരെ കൈയ്യടക്കിയിരിക്കുകയാണ് തെരുവ് നായ്ക്കള്‍. കോര്‍പ്പറേഷന്‍ ആസ്ഥാനവും കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള 4 കേന്ദ്രങ്ങളിലുമാണ് നഗരത്തില്‍ തെരുവ് നായ്ക്കള്‍ താവളമാക്കിയിരിക്കുന്നത്. തെരുവ് നായ്ക്കളുടെ ഉപദ്രവം പ്രതിദിനം കൂടുമ്പോഴും വന്ധ്യംകരണ നടപടികള്‍ക്ക് പോലും കോര്‍പ്പറേഷന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്.
നായയുടെ കടിയേറ്റതുമായി ബന്ധപ്പെട്ട് ഈ വര്‍ഷം സെപ്തംബര്‍ വരെ 1463 കേസുകളാണ് കൊല്ലം ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ 800ലധികവും തെരുവുനായ ആക്രമണമാണ്. ജില്ലയില്‍ തെരുവ് നായ ആക്രമണം ഏറ്റവും അധികം റിപ്പോര്‍ട്ട് ചെയ്യ്തത് ആകട്ടെ കൊല്ലം കോര്‍പ്പറേഷന്റെ പരിധിയിലും.
തെരുവ് നായകളുടെ വന്ധ്യംകരണവുമായി ബന്ധപ്പെട്ട എബിസി പദ്ധതി പ്രകാരം എത്ര എണ്ണം നടപ്പാക്കി എന്ന് അന്വേഷിച്ചപ്പോള്‍ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ പരിശോധിക്കുമ്പോള്‍ കൊല്ലം കോര്‍പ്പറേഷന്‍ ഇക്കാര്യത്തില്‍ ഏറെ മുന്നിലാണെന്ന് ഡെപ്യൂട്ടി മേയര്‍ മറുപടി നല്‍കി. സാമ്പത്തിക പരാധീനതകള്‍ ഉള്ളതിനാല്‍ ഇക്കാര്യത്തില്‍ മറ്റ് പദ്ധകളൊന്നും പരിഗണനയിലില്ലെന്നും ഡെപ്യൂട്ടി മേയര്‍ അറിയിച്ചു.
ഡെപ്യൂട്ടി മേയറുടെ പ്രതികരണം കേട്ട് പുറത്തിറങ്ങിയ ഞങ്ങള്‍ കണ്ടത് കോര്‍പ്പറേഷന്‍ ആസ്ഥാനം തന്നെ തെരുവ് നായക്കള്‍ കൈയ്യടക്കിയതാണ്. നേരത്തെ പറഞ്ഞ വന്ധ്യംകരണ പദ്ധതി എവിടെ എത്തിനില്‍ക്കുന്നു എന്നതിന് തെളിവായി കോര്‍പ്പറേഷന്‍ ഓഫീസില്‍ തെരുവ്‌നായ 12 കുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കിയിരിക്കുന്നു. കാര്യങ്ങള്‍ ഇവിടെയും അവസാനിക്കുന്നില്ല. കോര്‍പ്പറേഷന്റെ ഉടമസ്ഥയിലുളള പോളയത്തോട് ശ്മശാനം, ടൗണ്‍ഹാള്‍, ആശ്രാമം മൈതാനം എന്നിവയെല്ലാം തെരുവ്‌നായകള്‍ അടക്കി വാഴുകയാണ്.