നെല്ല് സംഭരണം: കുട്ടനാട്ടിലെ കര്‍ഷകര്‍ ആശങ്കയില്‍
പൊതുവിപണിയിൽ അരിവില വർധിക്കുമ്പോൾ കുട്ടനാട്ടിലെ നെൽകർഷകർ സംഭരണം സംബന്ധിച്ച് ആശങ്കയിൽ.
പൊതുവിപണിയിൽ അരിവില വർധിക്കുമ്പോൾ കുട്ടനാട്ടിലെ നെൽകർഷകർ സംഭരണം സംബന്ധിച്ച് ആശങ്കയിൽ. കൊയ്ത്ത് തുടങ്ങിയ പാടങ്ങളിൽ നിന്ന് മില്ലുകൾ നെല്ല് എടുക്കാൻ സാധ്യത കുറവാണെന്നാണ് കർഷകർ കരുതുന്നത്. കുട്ടനാട്ടിലെ നെല്ല് സർക്കാർ ഏറ്റെടുത്താൽ അരിയുടെ വിപണി വില പിടിച്ചു നിർത്താനാവുമെന്നും കർഷകർ പറയുന്നു.
കുട്ടനാട്ടിലെ പാടങ്ങളിലെല്ലാം ആവേശഭരിതമായ കൊയ്ത്ത് നടക്കുകയാണ്. 15 മുതൽ 20 ദിവസത്തിനകം കൊയ്ത്ത് പൂർത്തിയാകും. എന്നാൽ കൊയ്തെടുക്കുന്ന നെല്ല് സ്വകാര്യ മില്ലുകൾ ഏറ്റെടുക്കാൻ സാധ്യത കുറയുകയാണ്. സപ്ലൈകോ സംഭരണതുക നൽകാത്തത് കാരണം സ്വകാര്യ മില്ലുകളെ കർഷകർ ആശ്രയിച്ചിരുന്നു. എന്നാൽ വിപണിയിലെ അരി വില വർധന കർഷകരുടെ എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു.
14 രൂപ 70 പൈസ കേന്ദ്രവും 7 രൂപ 80 പൈസ സംസ്ഥാനവും നൽകി 22 രൂപ 50 പൈസക്കാണ് ഇപ്പോൾ സംഭരണം നടക്കുന്നത്. ഇതിൽ സംസ്ഥാന വിഹിതം കഴിഞ്ഞ വർഷത്തേതും കൊടുത്തുതീർത്തിട്ടില്ല. സംസ്ഥാന സർക്കാർ കുടിശിക തീർത്ത് നെല്ല് ഏറ്റെടുത്താൽ കുറഞ്ഞ വിലക്ക് അരി വിൽക്കാൻ സാധിക്കുമെന്നാണ് കർഷകർ പറയുന്നത്.
കുട്ടനാട് ബ്രാൻഡ് എന്ന കുറഞ്ഞ വിലക്കുള്ള അരി വർഷങ്ങളായുള്ള വാഗ്ദാനമാണ്. അരി വിലയുടെ കുതിച്ചു കയറ്റ സമയത്ത് പോലും ഈ വാഗ്ദാനം നിറവേറ്റിയാൽ വിപണിയിൽ വില കുറക്കാനും കർഷകനെ സഹായിക്കാനും സാധിക്കും.