നാല് ജില്ലകളില്‍ റാന്‍സംവെയര്‍ ആക്രമണം
പണം അടച്ചില്ലെങ്കില്‍ കമ്പ്യൂട്ടറുകളിലെ മുഴുവന്‍ വിവരങ്ങള്‍ നശിപ്പിക്കുമെന്നാണ് ഭീഷണി...
ലോക രാജ്യങ്ങളിലെ കമ്പ്യൂട്ടർ സംവിധാനങ്ങൾ താറുമാറാക്കിയ വോണ ക്രൈ റാൻസം വെയർ സൈബർ ആക്രമണം കേരളത്തിലും. വയനാട്, പത്തനംതിട്ട, കൊല്ലം, തൃശൂര്‍ ജില്ലകളിലെ വിവിധ പഞ്ചായത്തുകളിലെ കന്പ്യൂട്ടറുകള്‍ ആക്രമിക്കപ്പെട്ടു.
വയനാട് തരിയോട് പഞ്ചായത്തിലെ 4 കമ്പ്യൂട്ടറുകളാണ് തകരാറിലായത്' നിശ്ചിത സമയത്തിനുള്ളിൽ 300 ഡോളർ കൈമാറിയില്ലെങ്കിൽ ഫയലുകൾ നശിപ്പിക്കുമെന്ന ഹാക്കർമാരുടെ ഭീഷണി ഡസ്ക്ക് ടോപ്പിൽ പ്രത്യക്ഷപ്പെടുകയായിരുന്നു.
ബാക്ക് അപ്പ് സവിധാനം ഉപയോഗിച്ച് ഫയലുകൾ വീണ്ടെടുക്കുന്നതിനുള്ള ശ്രമം പുരോഗമിക്കുകയാണ്. പത്തനംതിട്ടയില്‍ രണ്ടിടത്ത് സൈബര്‍ ആക്രമണമുണ്ടായി. അരുവാപ്പുലം പഞ്ചായത്തിൽ ഇന്റർനെറ്റ് കണക്ഷന് ഉള്ള ഒരു കമ്പ്യൂട്ടര്‍ തകരാറിലായി. 300 ഡോളർ ആവശ്യപ്പെട്ടുകൊണ്ടുള്ള സന്ദേശം ഈ കമ്പ്യൂട്ടറിലും പ്രത്യക്ഷപ്പെട്ടു. സൈബർ സെൽ അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
പത്തനംതിട്ട അരുവാപ്പുലം പഞ്ചായത്തിലെയും കന്പ്യൂട്ടറുകളും നശിപ്പിക്കപ്പെട്ടു. കൊല്ലത്ത് തൃക്കോല്‍വില്‍വട്ടം പഞ്ചായത്ത് ഓഫീസിലെ ആറ് കന്പ്യൂട്ടറുകള്‍ തകരാറിലായത്. തൃശൂരില്‍ കുഴൂര്‍, അന്നമനട പഞ്ചായത്തുകളിലാണ് ആക്രമണമുണ്ടായത്. ഇരു പഞ്ചായത്തുകളിലുമായി എട്ട് കന്പ്യൂട്ടറുകള്‍ തകരാറിലായി.
റാന്‍സംവെയര്‍ ആക്രമണത്തെ തുടര്‍ന്ന് വിന്‍ഡോസില്‍ പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളുടെ സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ നടത്തിയ ശേഷം മാത്രം തുറന്നാല്‍ മതിയെന്ന് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. രാജ്യത്തെ 2.25 ലക്ഷം എടിഎമ്മുകള്‍(60 ശതമാനത്തിലധികം) പ്രവര്‍ത്തിക്കുന്നത് വിന്‍ഡോസ് എക്‌സ് പിയിലാണ്. റാന്‍സംവെയര്‍ ആക്രമണ ഭീഷണിയെ തുടര്‍ന്നാണ് സുരക്ഷയുടെ ഭാഗമായി ബാങ്കുകള്‍ എടിഎമ്മുകള്‍ അടച്ചത്.
രാജ്യത്തെ എടിഎമ്മുകളില്‍ ഭൂരിഭാഗവും വിന്‍ഡോസ് എക്‌സ് പിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അതുകൊണ്ടുതന്നെ ഇവ സുരക്ഷാ ഭീഷണി നേരിടുന്നുണ്ടെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആഗോള തലത്തില്‍ നടന്ന റാന്‍സംവെയര്‍ സൈബര്‍ ആക്രമണം നടന്ന 99 രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. ലോകം കണ്ടതില്‍ വെച്ച് ഏറ്റവും രൂക്ഷമായ സൈബര്‍ ആക്രമണമെന്ന് കണക്കാക്കപ്പെടുന്ന റാന്‍സംവെയര്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്.