ആട് വളര്‍ത്തല്‍; തൃക്കലങ്ങോട് പഞ്ചായത്തിലെ കുടുംബശ്രീ സംഘങ്ങളെ വഞ്ചിച്ചതായി പരാതി
ആട് വളര്‍ത്തല്‍ പദ്ധതിക്കായി കരാറില്‍ ഏര്‍പ്പെട്ട സൊസൈറ്റി വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ സംഘങ്ങള്‍ കടക്കെണിയിലായെന്നാണ് പരാതി
മലപ്പുറം-തൃക്കലങ്ങോട് പഞ്ചായത്തിലെ കുടുംബശ്രീ സംഘങ്ങളെ തിരുവനന്തപുരം ആസ്ഥാനമായ സൊസൈറ്റി വഞ്ചിച്ചതായി പരാതി. ആട് വളര്‍ത്തല്‍ പദ്ധതിക്കായി കരാറില്‍ ഏര്‍പ്പെട്ട സൊസൈറ്റി വ്യവസ്ഥകള്‍ ലംഘിച്ചതിനാല്‍ സംഘങ്ങള്‍ കടക്കെണിയിലായെന്നാണ് പരാതി. ഏഴ് വനിതാ ഗ്രൂപ്പുകള്‍ക്ക് ഹൈടെക് ആട് ഫാം പദ്ധതി തുടങ്ങാനാണ് പ്ലാന്റേഷന്‍ ഡെവലപ്മെന്റ് സൊസൈറ്റിയുമായി കരാറിലേര്‍പ്പെട്ടത്.
ഇരുപത് ആടുകള്‍, അവക്കുള്ള ഹൈടെക് കൂടുകള്‍ എന്നിവ ഒരോ ഗ്രൂപ്പിനും ലഭ്യമാക്കുന്നതിന് 210,000 രൂപ വീതം കമ്പനി കൈപ്പറ്റി. കൂട് ഒരുക്കിയതും ആടുകളെ നല്‍കിയതും വ്യവസ്ഥകള്‍ പാലിച്ചില്ലെന്നാണ് സംഘങ്ങള്‍ ആരോപിക്കുന്നു. ബാങ്ക് വായ്പയെടുത്താണ് സംഘങ്ങള്‍ കമ്പനിക്ക് പണം നല്‍കിയത്. വായ്പ തിരിച്ചടക്കാനാകാതെ പ്രതിസന്ധി നേരിടുകയാണിപ്പോള്‍ സംഘങ്ങള്‍.
സൊസൈറ്റി പ്രസിഡന്റ് ആര്‍.ജയകുമാരന്‍ നായര്‍ വിളിച്ചാല്‍ ഫോണ്‍ പോലും എടുക്കുന്നില്ലെന്നും സംഘങ്ങള്‍ പരാതിപ്പെടുന്നു. എന്നാല്‍ കരാര്‍ വ്യവസ്ഥകള്‍ എല്ലാം പാലിച്ചെന്നാണ് സൊസൈറ്റി പ്രസിഡണ്ട് ജയകുമാരന്‍ നായരുടെ വിശദീകരണം. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.