ചുങ്കപ്പാറയിലെ ക്വാറിക്കെതിരെ കൂടുതല്‍ തെളിവുകള്‍
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോട്ടയം, പത്തനംതിട്ട ഡിവിഷണല്‍ ഓഫീസുകളില്‍ നിന്ന് നല്‍കിയിരിക്കുന്ന വിവരവാകാശ രേഖകള്‍ പ്രകാരം ചുങ്കപ്പാറയിലെ ആവോലിമലയില്‍ പ്രവര്‍ത്തിക്കുന്ന അമിറ്റി റോക്സിന് എന്‍ഒസി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു
പത്തനംതിട്ട ചുങ്കപ്പാറയിലെ അനധികൃത ക്വാറിയുടെ നിയമലംഘനത്തിന്‍റെ കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഫയര്‍ ആന്‍ഡ് സേഫ്റ്റി, പരിസ്ഥിതി വകുപ്പ് എന്നിവയുടെ അനുമതി ഇല്ലാതെയാണ് ക്വാറിയുടെ പ്രവര്‍ത്തനം. ജലശ്രോതസ്സുകള്‍ മലിനമാക്കുന്നതിനാല്‍ മല്ലപ്പള്ളി തഹസില്‍ദാര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോയും നടപ്പിലായില്ല.
ഫയര്‍ ആന്‍ഡ് സേഫ്റ്റി കോട്ടയം, പത്തനംതിട്ട ഡിവിഷണല്‍ ഓഫീസുകളില്‍ നിന്ന് നല്‍കിയിരിക്കുന്ന വിവരവാകാശ രേഖകള്‍ പ്രകാരം ചുങ്കപ്പാറയിലെ ആവോലിമലയില്‍ പ്രവര്‍ത്തിക്കുന്ന അമിറ്റി റോക്സിന് എന്‍ഒസി നല്‍കിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. പാറ ഖനനം നടത്തുന്നതിന് സ്റ്റേറ്റ് എന്‍വയോണ്‍മെന്‍റ് ഇംപാക്ട് അസസ്മെന്റ് അതോരിറ്റിയുടെ പാരിസ്ഥിതാകാനുമതി സര്‍ട്ടിഫിക്കറ്റ്, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, ചീഫ് കണ്‍ട്രോളര്‍ ഓഫ് എക്സ്പ്ലോസീവ്സ്, മൈനിംഗ് ആന്‍ഡ് ജിയോളജി എന്നിവയുടെ അനുമതി, ലൈസന്‍സുള്ള ബ്ലാസ്റ്ററുടെ സേവനം എന്നിവ ഉറപ്പാക്കണം. എന്നാല്‍ ലൈസന്‍സിനായി ഇത്തരം രേഖകള്‍ ക്വാറി ഉടമകള്‍ ഹാജരാക്കിയിട്ടില്ലെന്ന് പരിസ്ഥിതി വകുപ്പില്‍ നിന്നുള്ള രേഖകള്‍ വ്യക്തമാക്കുന്നു.
ക്വാറിയിലെ പാറപ്പൊടി ശുദ്ധീകരിച്ചശേഷം ഒഴുക്കിവിടുന്ന മലിനജലം സമീപത്തെ ജലാശയങ്ങള്‍ മലിനമാക്കുന്നത് ചൂണ്ടിക്കാട്ടി മല്ലപ്പള്ളി തഹസില്‍ദാര്‍ 2012 ല്‍ കമ്പനിക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയത് രേഖയില്‍ മാത്രമായി ഒതുങ്ങുകയും ചെയ്തു. ക്വാറിയുടെ നടത്തിപ്പ് സംബന്ധിച്ച് നിരീക്ഷിക്കുന്നതിന് സംസ്ഥാനതല ജില്ലാതല സമിതികള്‍ വേണമെന്നാണ് ചട്ടം. എന്നാല്‍ ജില്ലാകളക്ടര്‍ അധൃക്ഷനായ ഇത്തരം ഒരു സമിതി അമിറ്റി റോക്സിന്റെ കാര്യത്തില്‍ രൂപീകരിച്ചിട്ടില്ലെന്നും രേഖകള്‍ വ്യക്തമാക്കുന്നു. ചട്ടങ്ങളുടെയും നിയമങ്ങളുടെയും നഗ്നമായ ലംഘനം നടന്നിട്ടും അധികാരികളുടെയോ ജനപ്രതിനിധികളുടെയോ ഭാഗത്തുനിന്നുള്ള നടപടികള്‍ വൈകുകയാണ്.