വിവാദ യോഗ കേന്ദ്രത്തിനെതിരെ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്
തൃപ്പൂണിത്തുറ യോഗ കേന്ദ്രം തടവിലാക്കിയ പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു.
തൃപ്പൂണിത്തുറയിലെ വിവാദ യോഗ കേന്ദ്രത്തിനെതിരെ അന്വേഷണം നടത്തണമെന്ന് വീണ്ടും ഹൈക്കോടതി ഉത്തരവ്. അന്വേഷണം നടത്താന്‍ കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് കോടതി നിര്‍ദേശം നല്‍കിയത്. യോഗ കേന്ദ്രത്തിലെ പീഡനത്തെക്കുറിച്ച് കണ്ണൂരില്‍ നിന്നുള്ള രണ്ടാമത്തെ പെണ്‍കുട്ടി കോടതിയില്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്. തൃപ്പുണിത്തുറ ഹില്‍പാലസ് സിഐ, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ എന്നിവരെ കേസില്‍ കക്ഷി ചേര്‍ത്തു. പെൺകുട്ടിയെ യുവാവിനൊപ്പം വിട്ടയച്ചു.
കണ്ണൂർ സ്വദേശിയായ യുവാവിന്റെ ഹേബിയസ് കോര്‍പസ് ഹരജി പരിഗണിച്ച കോടതി പെൺകുട്ടിയുടെ വിശദമായ മൊഴിയെടുക്കാൻ നിർദേശിച്ചു. ഉച്ചക്ക് ശേഷം മൊഴി പരിശോധിച്ച കോടതി മൊഴി അപൂർണമാണെന്ന് കണ്ടെത്തി. തുടർന്ന് കോടതി തന്നെ വിശദമായ മൊഴി രേഖപ്പെടുത്തുകയായിരുന്നു. യോഗ കേന്ദ്രത്തിൽ വരുന്ന പെൺകുട്ടികളുടെ ഗർഭ പരിശോധനയടക്കം നടത്തുമെന്ന് പെൺകുട്ടി കോടതിയോട് പറഞ്ഞു. കേസ് പരിഗണിക്കുന്നതിനിടയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനെ ഹൈക്കോടതി വിളിച്ചുവരുത്തി. കേസന്വഷണത്തിന് ആവശ്യമെങ്കിൽ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന് കോടതി ഉത്തരവിലുണ്ട്.
യോഗ കേന്ദ്രം തടവിലാക്കിയ പെണ്‍കുട്ടിയെ യുവാവിനൊപ്പം വിട്ടയക്കാനും കോടതി ഉത്തരവിട്ടു. സ്പെഷ്യല്‍ മാരേജ് ആക്ട് അനുസരിച്ച് വിവാഹം രജിസ്റ്റര്‍ ചെയ്യാനും നിര്‍ദേശം നല്‍കിയ കോടതി, കേസില്‍ മതം കലര്‍ത്തരുതെന്ന് മാതാപിതാക്കളുടെ അഭിഭാഷകനോട് ആവശ്യപ്പെട്ടു.