വാഗ്ദാന പെരുമഴയുമായി മുന്നണികള്‍; എല്ലാം വോട്ട് കിട്ടാന്‍ മാത്രമെന്ന് മത്സ്യതൊഴിലാളികള്‍
സൌജന്യ റേഷനും പെന്‍ഷനും അടക്കം നിരവധി വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാവാറുണ്ടെങ്കിലും ഇവയൊന്നും തങ്ങള്‍ക്ക് ലഭിക്കാറില്ലെന്നാണ് ഇവര്‍ പറയുന്നത്
എല്ലാ തെരഞ്ഞെടുപ്പിലും ഏറ്റവും അധികം വാഗ്ദാനങ്ങള്‍ ലഭിക്കുന്ന ഒരു വിഭാഗമാണ് മത്സ്യതൊഴിലാളികള്‍. സൌജന്യ റേഷനും പെന്‍ഷനും അടക്കം നിരവധി വാഗ്ദാനങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാവാറുണ്ടെങ്കിലും ഇവയൊന്നും തങ്ങള്‍ക്ക് ലഭിക്കാറില്ലെന്നാണ് ഇവര്‍ പറയുന്നത്. വറുതിയുടെ നാളുകളില്‍ കൂടി കടന്ന് പോകുമ്പോഴും ഇത്തവണയെങ്കിലും തങ്ങള്‍ക്ക് അനുകൂലമായ നിലപാട് ജയിച്ച് വരുന്നവര്‍ സ്വീകരിക്കുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്.
കാലവസ്ഥയെ പോലും വകവെക്കാതെ കടലിനോട് മല്ലിട്ട് ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്നവരാണ് മത്സ്യതൊഴിലാളികള്‍. പരമ്പരാഗത തൊഴിലാളികള്‍ ഏറെയുള്ള ഈ മേഖലയിലെ പ്രശ്നങ്ങള്‍ പറഞ്ഞ് അറിയിക്കാവുന്നതിലും അപ്പുറമാണ്. ഓരോ തിരഞ്ഞെടുപ്പിലും ഈ പ്രശ്നങ്ങള്‍ക്ക് എല്ലാം പരിഹാരം കാണാമെന്ന വാഗ്ദാനങ്ങളുമായി സ്ഥാനാര്‍ത്ഥികള്‍ എത്താറുണ്ടെങ്കിലും ഇവരുടെ പ്രശ്നങ്ങള്‍ ഇതുവരെ പൂര്‍ണ്ണമായി പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. സൌജന്യ റേഷനോ പെന്‍ഷനോ പോലും കൃത്യമായി ലഭിക്കുന്നില്ല എന്നതാണ് സത്യം. കൂടാതെ മത്സ്യബന്ധനമേഖലയില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ നടപ്പിലാക്കുന്ന നിയമങ്ങളും വിലക്കയറ്റവും ഇവരുടെ ജീവിതത്തെ ദുരിതത്തിലാക്കുന്നു. സൌജന്യ വീട് മുതല്‍ മണ്ണെണ്ണ സബ്സിഡി വരെ വാഗ്ദാനങ്ങള്‍ മാത്രമായി ഒതുങ്ങുകയാണെന്നും ഇവര്‍ പറയുന്നു.