മീഡിയവണ്‍ സ്നേഹസ്പര്‍ശത്തിന് ഔപചാരിക തുടക്കം
ഉടന്‍ പ്രക്ഷേപണം ആരംഭിക്കുന്ന ചുങ്കത്ത് ജ്വല്ലറി മീഡിയവണ്‍ സ്നേഹസ്പര്‍ശം പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു
നേരും നന്മയും ഉയര്‍ത്തിപിടിച്ച് മീഡിയവണ്‍ തുടങ്ങുന്ന ചുങ്കത്ത് ജ്വല്ലറി മീഡിയവണ്‍ സ്നേഹസ്പര്‍ശം പരിപാടിയുടെ ഉദ്ഘാടനം തിരുവനന്തപുരത്ത് നടന്നു. മന്ത്രി എ സി മൊയ്തീനാണ് ഉദ്ഘാടനം നടത്തിയത്. മന്ത്രി കെ ടി ജലീല്‍ മുഖ്യാതിഥിയായിരുന്നു. പരിപാടി അവതരിപ്പിക്കുന്ന ഗായിക കെ എസ് ചിത്ര ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
കേരളത്തിലെ മറ്റൊരു ദൃശ്യമാധ്യമവും ഇതുവരെ നടത്താത്ത പരിപാടിയുമായാണ് മീഡിയവണ്‍ പ്രേക്ഷകരിലേക്ക് വരുന്നത്. മീഡിയവൺ-ചുങ്കത്ത് ജ്വല്ലറി സ്നേഹസ്പര്‍ശത്തിന്റെ പ്രധാന ലക്ഷ്യം ദുരിതം അനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുകയെന്നതാണ്. നാടിന്റെ വികസന പദ്ധതികളിലും പങ്കാളികളാകും. മറ്റ് മാധ്യമങ്ങള്‍ക്ക് മീഡിയവണിനെ മാതൃകയാക്കാമെന്ന് കെ ടി ജലീല്‍ പറഞ്ഞു. പരിപാടി സ്ക്രീനിലെത്തിക്കുന്നത് ഗായിക കെ എസ് ചിത്രയാണ്. ഉദ്ഘാടന ചടങ്ങിലും ചിത്രയുടെ സാന്നിദ്ധ്യമുണ്ടായിരുന്നു.
ഇരുകയ്യുമില്ലാതെ ജീവിതത്തോട് പടവെട്ടി മുന്നോട്ട്പോകുന്ന കോഴിക്കോട് സ്വദേശിനി നൂര്‍ ജലീലയും ചടങ്ങില്‍ പങ്കെടുത്തു. ചിത്രക്കൊപ്പം പാട്ടുപാടണമെന്ന് ആഗ്രഹം പറഞ്ഞപ്പോള്‍ ചിത്രയത് സാധിച്ച് കൊടുത്തു. മീഡിയവണ്‍ വൈസ് ചെയര്‍മാന്‍ പി മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. സിഇഒ എം അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞു. സാഹിത്യകാരന്‍ പെരുമ്പടവം ശ്രീധരന്‍, ചുങ്കത്ത് ജ്വല്ലറി ജനറല്‍ മാനേജര്‍ ജി രാജ്മോഹന്‍, സുമിക്സ് കിഡ്സ് വെയർ എംഡി ബീന കെ പി, ത്രീസീസ് ഇൻഫോളജിക്സ് സിഇഒ ഷാഹിർ ഇസ്മയിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.