മലബാറിനോട് അവഗണന: ഒരുലക്ഷത്തിലധികം കുട്ടികള്‍ക്ക് പ്ലസ്ടുവിന് ചേരാന്‍ സീറ്റില്ല
വി എച്ച് എസ് സി, പോളി, ഐ ടി ഐ എന്നീ മേഖലയിലെ സര്‍ക്കാര്‍ സീറ്റുകള്‍ കൂടി കണക്കാക്കിയാലും മലബാറില്‍ 67588 സീറ്റുകളുടെ കുറവുണ്ടാകും. അണ്‍ എയ്ഡഡ് മേഖലയിലെ സീറ്റുകള്‍ കൂട്ടിയാലും അമ്പതിനായിരത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടാകില്ല.
പ്ലസ് ടു സീറ്റ് അനുവദിക്കുന്നതില്‍ മലബാറിനോടുള്ള അവഗണന തുടരുന്നു. മന്ത്രിസഭ തീരുമാനപ്രകാരം 20 ശതമാനം സീറ്റുകള്‍ വര്‍ധിപ്പിച്ചെങ്കിലും അപര്യാപ്തമാണ്. മലബാറില്‍ പ്രവേശനയോഗ്യത നേടിയ ഒരു ലക്ഷത്തിലധികം വിദ്യാര്‍ഥികള്‍ക്ക് ഈ അധ്യയന വര്‍ഷവും പ്ലസ്ടുവിന് പഠിക്കാന്‍ സീറ്റില്ല.
457654 വിദ്യാര്‍ഥികളാണ് ഇത്തവണ സംസ്ഥാനത്ത് എസ് എസ് എല്‍ സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത്. ഇതില്‍ 274586 വിദ്യാര്‍ഥികളും തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളില്‍ നിന്നുള്ളവരാണ്. ഇവര്‍ക്ക് പഠിക്കാന്‍ ഈ ജില്ലകളില്‍ ആകെയുള്ള പ്ലസ്ടു സീറ്റുകള്‍ 171726 മാത്രമാണ്. അഥവാ 1,02860 പേര്‍ക്ക് പ്ലസ്ടുവിന് പഠിക്കാന്‍ മലബാറില്‍ സീറ്റുണ്ടാവില്ല.
മലപ്പുറം ജില്ലയില്‍ മാത്രം 37780 പേര്‍ക്കാണ് പ്ലസ്ടു പഠനാവസരം നിഷേധിക്കപ്പെടുന്നത്‍. സീറ്റുകളുടെ കുറവിന്റെ കാര്യത്തില്‍ തൊട്ടടുത്ത് നില്‍ക്കുന്നത് കോഴിക്കോടും പാലക്കാടുമാണ്. കോഴിക്കോട് 17000ത്തിലധികം പേര്‍ക്ക് അവസരം നിഷേധിക്കപ്പെടുമ്പോള്‍ പാലക്കാട് 15000ത്തിലധികം സീറ്റുകളുടെ കുറവുള്ളത്. വി എച്ച് എസ് സി, പോളി, ഐ ടി ഐ എന്നീ മേഖലയിലെ സര്‍ക്കാര്‍ സീറ്റുകള്‍ കൂടി കണക്കാക്കിയാലും മലബാറില്‍ 67588 സീറ്റുകളുടെ കുറവുണ്ടാകും. അണ്‍ എയ്ഡഡ് മേഖലയിലെ സീറ്റുകള്‍ കൂട്ടിയാലും അമ്പതിനായിരത്തില്‍ താഴെ വിദ്യാര്‍ഥികള്‍ക്ക് പഠിക്കാന്‍ അവസരമുണ്ടാകില്ല.
അതേസമയം പത്തനംതിട്ട യില്‍ ആയിരത്തിലധികം പ്ലസ്ടു സീറ്റുകളാണ് ഒഴിഞ്ഞ് കിടക്കുന്നത്. വിഎച്ച്എസ് സി ഉള്‍പ്പെടെ സര്‍ക്കാര്‍ മേഖലയിലെ ഉപരി പഠന അവസരങ്ങള്‍ കൂടി കൂട്ടിയാല്‍ കോട്ടയം, ഇടുക്കി ജില്ലകളിലും നുറു കണക്കിന് സീറ്റുകള്‍ വെറുതെ കിടക്കും. എറണാകുളം, തിരുവനന്തപുരം ജില്ലകളില്‍ മൂവായിരത്തിലധികം സീറ്റുകളും ആലപ്പുഴയില്‍ ആയിരത്തിന് മുകളിലും കൊല്ലം ജില്ലയില്‍ അഞ്ഞൂറോളം സീറ്റുകളുടെയും കുറവുണ്ട്. 20 ശതമാനം പ്ലസ്ടു സീറ്റ് വര്‍ധിപ്പിച്ചാലും മലബാറുള്‍പ്പെടെയുള്ള ജില്ലകളില്‍ ഉപരിപഠനാവസരം ഇപ്പോഴും അപര്യാപ്തമാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.