സ്പീക്കറുടെ ചെയറില്‍ കയറിയിരുന്ന ബിജെപി എംഎല്‍എ സഭ പിരിച്ചുവിട്ടു
ബിജെപി എംഎല്‍എയായ സുരേഷ് ഭരദ്വാജ് ആണ് സ്പീക്കറുടെ അഭാവത്തില്‍ ചെയറില്‍ കയറി സഭ പിരിച്ചുവിട്ടതായി പ്രഖ്യാപനം നടത്തിയത്.
സ്പീക്കര്‍ സഭയിലില്ലാത്ത സമയത്ത് അദ്ദേഹത്തിന്‍റെ സീറ്റില്‍ കയറിയിരുന്ന ബിജെപി എംഎല്‍എ സഭ ഒരു ദിവസത്തേക്ക് പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. ഹിമാചല്‍പ്രദേശിലാണ് സംഭവം. സഭയിലെ മോശം പെരുമാറ്റത്തിനും സ്പീക്കറുടെ കസേരയോട് അനാദരവ് കാണിച്ചതിനും മൂന്ന് ബിജെപി എംഎല്‍എമാരെ നടപ്പ് സഭ കാലത്തേക്ക് സസ്പെന്‍ഡ് ചെയ്തു.
ബിജെപി എംഎല്‍എയായ സുരേഷ് ഭരദ്വാജ് ആണ് സ്പീക്കറുടെ അഭാവത്തില്‍ ചെയറില്‍ കയറി സഭ പിരിച്ചുവിട്ടതായി പ്രഖ്യാപനം നടത്തിയത്. പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സ്പീക്കര്‍ ബുടെയ്‍ല്‍ നേരത്തെ സഭ 15 മിനുട്ട് നേരത്തേക്ക് നിര്‍ത്തിവച്ചിരുന്നു. തുടര്‍ന്ന് ഭരണകക്ഷിയുമായും പ്രതിപക്ഷവുമായും ചര്‍ച്ച നടത്തി സഭ വീണ്ടും ആരംഭിക്കാനിരിക്കെയാണ് സ്പീക്കറെത്തുന്നതിന് മുമ്പ് ചെയറില്‍ കയറി ഇരുന്ന ഭരദ്വാജ് സഭ പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചത്. ഈ പ്രഖ്യാപനം വന്നയുടന്‍ ബിജെപി അംഗങ്ങള്‍ സഭ വിടുകയും ചെയ്തു.
സ്പീക്കറുടെ അഭാവത്തില്‍ സഭ നിയന്ത്രിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുള്ള പാനലിലെ അംഗമാണ് ഭരദ്വാജ്. എന്നാല്‍ സ്പീക്കറുടെ നിര്‍ദേശമില്ലാതെ തന്നെ ഇദ്ദേഹം സഭയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. ഭരദ്വാജ് ഉള്‍പ്പെടെ മൂന്ന് അംഗങ്ങളെ സസ്പെന്‍ഡ് ചെയ്യുന്ന പ്രമേയം പിന്നീട് പ്രതിപക്ഷ അഭാവത്തില്‍ സഭ വോട്ടിനിട്ട് പാസാക്കി.