ജിഷ്ണു വിദ്യാര്ഥികളെ സംഘടിപ്പിച്ചത് മാനേജ്മെന്റിനെ പ്രകോപിപ്പിച്ചു; ശബ്ദരേഖ പുറത്ത്
പാമ്പാടി നെഹ്റു കോളേജിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ നേതൃത്വത്തിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പരീക്ഷ മാറ്റിവെയ്ക്കാനായി നീക്കം നടത്തിയതിനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു
പാമ്പാടി നെഹ്റു കോളേജിൽ മരിച്ച ജിഷ്ണു പ്രണോയിയുടെ നേതൃത്വത്തിൽ കേരള ടെക്നിക്കൽ യൂണിവേഴ്സിറ്റിയുടെ പരീക്ഷ മാറ്റിവെയ്ക്കാനായി നീക്കം നടത്തിയതിനുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു. ജിഷ്ണുവിന്റെ ഫോണിൽ നിന്ന് ലഭിച്ച ശബ്ദരേഖകളിൽ നിന്നും വാട്ട്സ് അപ്പ് സന്ദേശങ്ങളിൽ നിന്നും അന്വേണ സംഘം ഇക്കാര്യം സ്ഥിരീകരിച്ചു. ഇത്തരത്തിൽ വിദ്യാർഥികളെ സംഘടിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങിയതിനെ തുടർന്ന് ജിഷ്ണു പ്രണോയിയോട് മാനേജ്മെന്റിന് വൈരാഗ്യം ഉണ്ടായെന്ന് അന്വേഷണ സംഘം കണ്ടെത്തി. അന്വേഷണസംഘത്തിന് ലഭിച്ച തെളിവുകൾ മീഡിയവണിന്.
മൊബൈൽ ഫോൺ വിശദമായി പരിശോധിച്ചതിൽ നിന്നാണ് കെടിയു പരീക്ഷ മാറ്റിവെയ്ക്കാനായി ജിഷ്ണു പ്രണോയിയുടെ നേതൃത്വത്തിൽ സംഘടിത നീക്കം നടത്തിയിരുന്നതായി അന്വേഷണ സംഘത്തിന് വ്യക്തമായത്. പരീക്ഷ മാറ്റിവെപ്പിക്കുന്നതിനായി ജിഷ്ണു നടത്തിയ ശ്രമങ്ങളുടെ വിവരങ്ങളും തീരുമാനം മന്ത്രിതല ചർച്ചയിൽ ഉണ്ടാകുമെന്നും വിശദീകരിക്കുന്ന ശബ്ദരേഖയും അന്വേഷണ സംഘത്തിന് ലഭിച്ചു. ഇതിനൊപ്പം കെടിയു വിദ്യാർഥികളുടെ പ്രശ്നം വാർത്തയാക്കാനായി മാധ്യമങ്ങളെ സമീപിച്ചതിന്റെ വിശദാംശങ്ങളും ജിഷ്ണു സുഹൃത്തുക്കളോട് വിവരിക്കുന്നുണ്ട്.
ആവശ്യമായ സ്റ്റഡി ലീവ് അടക്കം ലഭിച്ചില്ലെന്ന് കാട്ടി വിദ്യാഭ്യാസ മന്ത്രിക്ക് ജിഷ്ണു അയച്ച ഇ മെയിലിന്റെ കോപ്പി, മറ്റുള്ളവരോട് ഇതേ രീതിയിൽ ഇ മെയിൽ അയക്കാൻ ജിഷ്ണു നിർദേശിക്കുന്ന വാട്ട്സ് അപ്പ് സന്ദേശങ്ങൾ, വിദ്യാർഥി സംഘടനാ നേതാവിന് അയച്ച സന്ദേശം എന്നിവയും അന്വേഷണ സംഘത്തിന്റെ കൈവശമുണ്ട്. ഇത്തരത്തിൽ കെടിയു തീരുമാനത്തിന് എതിരെ വിദ്യാർഥികളെ സംഘടിപ്പിച്ച ജിഷ്ണുവിന്റെ നടപടി മാനേജ്മെന്റിനെ പ്രകോപിപ്പിച്ചതായാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. ഇതിനെ തുടർന്നാണ് ജിഷ്ണുവിന് പിന്നീട് പീഡനം ഏറ്റുവാങ്ങേണ്ടി വന്നതെന്നാണ് പൊലീസിന്റെ നിഗമനം.