പുതുവൈപ്പ് ഐഒസി കേസ്: ഹരിത ട്രിബ്യൂണലില്‍ തര്‍ക്കം
തീരദേശ ഭൂപടത്തെ കുറിച്ചും വേലിയേറ്റ മേഖലയെ കുറിച്ചുമാണ് തര്‍ക്കമുണ്ടായത്.
പുതുവൈപ്പ് ഐഒസി പ്ലാന്‍റ് കേസില്‍ ദേശീയ ഹരിത ട്രിബ്യൂണലില്‍ തര്‍ക്കം. തീരദേശ ഭൂപടത്തെ കുറിച്ചും വേലിയേറ്റ മേഖലയെ കുറിച്ചുമാണ് തര്‍ക്കമുണ്ടായത്. പാരിസ്ഥിതിക അനുമതിക്കായി സമര്‍പ്പിച്ച ഭൂപടവും സംസ്ഥാന സര്‍ക്കാര്‍ ഇപ്പോള്‍ സമര്‍പ്പിച്ചതും രണ്ടും രണ്ടാണെന്ന് കോടതി കണ്ടെത്തി. കേസ് 27ന് വീണ്ടും പരിഗണിക്കും.
ദേശീയ ഭൌമപഠന കേന്ദ്രമാണ് രണ്ട് ഭൂപടങ്ങളും തയ്യാറാക്കിയത്. 1996ല്‍ തയ്യാറാക്കിയ ഭൂപടമാണ് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ പാരിസ്ഥിതിക അനുമതിയ്ക്കായി സമര്‍പ്പിച്ചത് 2009ല്‍ തയ്യാറാക്കിയ ഭൂപടവും. ഇരു ഭൂപടങ്ങളിലെയും വേലിയേറ്റ മേഖലകള്‍ വ്യത്യാസമുണ്ട്. ഇത് എങ്ങനെ സംഭവിച്ചുവെന്ന് സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം തേടണമെന്ന് കോടതി നിര്‍ദേശിച്ചു.
ഒരേ ഏജന്‍സി തയ്യാറാക്കിയ രണ്ട് ഭൂപടങ്ങളിലുണ്ടായ പിഴവുകള്‍ ഗുരുതരമാണ്. സര്‍ക്കാര്‍ പണം ഉപയോഗിച്ച് നടത്തുന്ന പഠനങ്ങളില്‍ ഇത്തരം തെറ്റുകള്‍ ഉണ്ടാകുന്നത് ശരിയല്ല. സര്‍ക്കാര്‍ സമര്‍പ്പിച്ച ഭൂപടത്തില്‍ ബന്ധപ്പെട്ടവരുടെ കയ്യൊപ്പില്ലാത്തതിനെയും കോടതി വിമര്‍ശിച്ചു. കഴിഞ്ഞ ദിവസം സര്‍ക്കാര്‍ സമര്‍പ്പിച്ച വിഗദ്ധ സമിതി റിപ്പോര്‍ട്ട് ട്രിബ്യൂണല്‍ പരിഗണിച്ചില്ല.