ബിനോയിക്കെതിരായ സബ്മിഷനും മറുപടിയും നിയമസഭാ സൈറ്റില്‍ പ്രസിദ്ധീകരിച്ചില്ലെന്ന് പ്രതിപക്ഷം
ഭരണപക്ഷ എംഎല്‍എമാരുടെ പരാതിയുള്ളതിനാല്‍ പ്രശ്നം പരിശോധിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു.
ബിനോയ് കോടിയേരിക്കെതിരെ പ്രതിപക്ഷ നേതാവ് ഉന്നയിച്ച സബ്മിഷന്‍റെയും മുഖ്യമന്ത്രിയുടെ മറുപടിയുടെയും വീഡിയോ നിയമസഭാ സൈറ്റില്‍ പ്രസിദ്ധീകരിച്ചില്ലെന്ന് പ്രതിപക്ഷം. ഭരണപക്ഷ എംഎല്‍എമാരുടെ പരാതിയുള്ളതിനാല്‍ പ്രശ്നം പരിശോധിച്ച് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുമെന്ന് സ്പീക്കര്‍ അറിയിച്ചു. എല്ലാം അലക്കി വെളുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.
വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കെ സി ജോസഫാണ് സഭയില്‍ ഉന്നയിച്ചത്. എന്നാല്‍ സബ്മിഷനും മുഖ്യമന്ത്രിയുടെ മറുപടിയും സഭാ രേഖകളില്‍ നിന്ന് ഒഴിവാക്കണമെന്ന് ഭരണപക്ഷത്തെ ഏതാനം എംഎല്‍എമാർ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വിഷയം പരിശോധനയിലായതിനാല്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും ആയിരുന്നു സ്പീക്കർ നല്‍കിയ മറുപടി. കോടിയേരിക്കെതിരെ പരാതി നൽകിയ ജാസ് ടൂർസ് ഉടമ മർസൂഖിയുടെ തിരുവനന്തപുരത്തെ വാർത്താസമ്മേളനം ഒത്തുതീർപ്പിന്റെ ഭാഗമാണെന്ന് സംശയിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
ആരോപണത്തില്‍ അന്വേഷണം വേണ്ടെന്ന മുഖ്യമന്ത്രിയുടെ നിലപാട് ശരിയല്ലെന്ന് ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി പ്രതികരിച്ചു.