മൂന്നു മുന്നണികളും പ്രതീക്ഷയോടെ നോക്കുന്ന ചെങ്ങന്നൂര്‍
നേരത്തെ കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിനനുസൃതമായി ഇരുമുന്നണികളെയും മണ്ഡലത്തിലെ ജനങ്ങള്‍ പലപ്പോഴായി തെരഞ്ഞെടുത്തിട്ടുണ്ട്
വോട്ടിംഗ് കണക്കുകളുടെ അടിസ്ഥാനത്തില്‍ മൂന്നു മുന്നണികളും പ്രതീക്ഷ വെച്ചു പുലര്‍ത്തുന്ന നിയോജക മണ്ഡലമാണ് ചെങ്ങന്നൂര്‍. നേരത്തെ കേരളത്തിന്റെ രാഷ്ട്രീയ സ്വഭാവത്തിനനുസൃതമായി ഇരുമുന്നണികളെയും മണ്ഡലത്തിലെ ജനങ്ങള്‍ പലപ്പോഴായി തെരഞ്ഞെടുത്തിട്ടുണ്ട്. കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ ബിജെപിയും സംസ്ഥാന തലത്തില്‍ ശ്രദ്ധേയമായ മത്സരം കാഴ്ച വച്ച മണ്ഡലമാണ് ചെങ്ങന്നൂര്‍.
1957 ല്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച ആര്‍ ശങ്കരനാരായണന്‍ തമ്പിയെ വിജയിപ്പിച്ചാണ് ചെങ്ങന്നൂരിന്റെ തെരഞ്ഞെടുപ്പ് ചരിത്രം തുടങ്ങുന്നത്. 1991 മുതല്‍ മൂന്ന് തവണ തുടര്‍ച്ചയായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി ശോഭനാ ജോര്‍ജ് വിജയിച്ചു. രണ്ടായിരത്തി ആറിലും രണ്ടായിരത്തി പതിനൊന്നിലും മണ്ഡലം നിലനിര്‍ത്തിയ കോണ്‍ഗ്രസിന്റെ പി.സി വിഷ്ണുനാഥ് പക്ഷെ 2016ല്‍ 7,983 വോട്ടുകൾക്ക് സി പി എമ്മിന്റെ കെ.കെ രാമചന്ദ്രന്‍ നായരോട് പരാജയപ്പെട്ടു. രാമചന്ദ്രൻ നായർക്ക് 52,880 വോട്ടുകളും വിഷ്ണുനാഥിന് 44,897 വോട്ടുകളുമാണ് ലഭിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് വിട്ടു മത്സരിച്ച ശോഭന ജോർജ്ജ് 3966 വോട്ടുകൾ നേടി. ബിജെപി സ്ഥാനാർത്ഥി പി.എസ് ശ്രീധരൻ പിള്ള 42,682 വോട്ടുകൾ സ്വന്തമാക്കി കരുത്ത് തെളിയിച്ചതായിരുന്നു 2016ലെ തെരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത.
ഇത്തവണ മത്സരത്തിനിറങ്ങുമ്പോള്‍ കഴിഞ്ഞ തവണ ഒറ്റമനസ്സായി ബിജെപിക്കൊപ്പം നിന്ന ബിഡിജെഎസ് അത്ര നല്ല ബന്ധത്തിലല്ല. പ്രശ്നങ്ങള്‍ പരിഹരിച്ചാലും പഴയ പോലെയാവുമോ എന്ന് കണ്ടറിയണം. നാലായിരത്തോളം വോട്ടുകള്‍ സ്വന്തം നിലക്ക് പിടിച്ച ശോഭനാ ജോര്‍ജ്ജ് മത്സര രംഗത്ത് ഉണ്ടാവാനും ഇടയില്ല. ഈ ഘടകങ്ങള്‍ വോട്ടിംഗ് കണക്കുകളെ പല തരത്തില്‍ മാറ്റി മറിക്കുമെന്നുറപ്പാണ്.