കീഴാറ്റൂര്‍ വിഷയത്തില്‍ കണ്ണൂരില്‍ സി.പി.എമ്മിന്റെ മേഖലാ ജാഥകള്‍
നിലപാട് വിശദീകരിച്ച് പൊതുജനങ്ങള്‍ക്കായി തുറന്ന കത്ത്: പാര്‍ട്ടിയെയും സര്‍ക്കാറിനെയും ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങളില്‍ ജാഗ്രത വേണമെന്ന് സിപിഎം
കീഴാറ്റൂര്‍ വിഷയത്തില്‍ പ്രതിരോധമൊരുക്കി സി.പി.എം കണ്ണൂര്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന മേഖലാ ജാഥകൾക്ക് ഇന്ന് തുടക്കമാകും. വിഷയത്തില്‍ നിലപാട് വിശദീകരിച്ച് പൊതുജനങ്ങൾക്കായി പാർട്ടി തുറന്ന കത്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലയിലെ മുഴുവന്‍ കുടുംബങ്ങളിലും പ്രവര്‍ത്തകര്‍ ഈ കത്ത് വിതരണം ചെയ്യും.
നാട് കാവല്‍ സമരത്തിന് പിന്നാലെയാണ് കീഴാറ്റൂര്‍ വിഷയത്തില്‍ നിലപാട് വിശദീകരിച്ച് രണ്ട് മേഖലാ ജാഥകള്‍ സംഘടിപ്പിക്കാന്‍ സി.പി.എം ജില്ലാ നേതൃത്വം തീരുമാനിച്ചത്. സമാധാനം, വികസനം എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സംഘടിപ്പിക്കുന്ന ജാഥകള്‍ ഇന്ന് മുതല്‍ ഒമ്പതാം തീയ്യതി വരെ ജില്ലയില്‍ പ്രയാണം നടത്തും..
തെക്കന്‍ മേഖലാ ജാഥക്ക് ജയിംസ് മാത്യു എംഎല്‍എയും വടക്കന്‍ മേഖലാ ജാഥക്ക് കെ.കെ രാഗേഷ് എം.പിയും നേതൃത്വം നല്‍കും. ഇതിന് പുറമെ വികസന കാര്യത്തിലെ പാര്‍ട്ടി നിലപാട് വിശദീകരിച്ച് പൊതുജനങ്ങള്‍ക്കായി പാര്‍ട്ടി തുറന്ന കത്തും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ജില്ലയിലെ അഞ്ചര ലക്ഷം വീടുകളില്‍ ഈ കത്ത് വിതരണം ചെയ്യാനാണ് പാര്‍ട്ടിയുടെ തീരുമാനം.
പതിറ്റാണ്ടുകളായി മുടങ്ങിക്കിടക്കുന്ന ദേശീയപാത വികസനം, എല്‍ഡിഎഫിന്റെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത പദ്ധതിയാണന്നും ഇതിനെ അട്ടിമറിക്കാനുളള ആസൂത്രിത ശ്രമമാണ് നടക്കുന്നതെന്നും കത്തില്‍ കുറ്റപ്പെടുത്തുന്നു. പാര്‍ട്ടിയെയും സര്‍ക്കാറിനെയും അപകീര്‍ത്തിപ്പെടുത്താന്‍ നടക്കുന്ന നീക്കങ്ങള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും കത്തില്‍ പറയുന്നുണ്ട്.