പഴയ വീട്ടില്‍ നിന്നൊരു പുതിയ വീട്; വീടിന്റെ അവയവ ദാനത്തിനായി വെബ്സൈറ്റ്
നിര്‍ധനരായ ഭവന രഹിതരെ സഹായിക്കാന്‍ പുത്തന്‍ ആശയം പ്രാവര്‍ത്തികമാക്കുകയാണ് തിരുവനന്തപുരത്തെ ഒരു സംഘം ആര്‍കിടെക്റ്റുകള്‍
കെട്ടിടങ്ങള്‍ക്കും മരണമുണ്ട്. മരണം കുറിച്ചു കഴിഞ്ഞ വീടുകള്‍ക്കും അതിന്റെ അവയവങ്ങള്‍ ദാനം ചെയ്യാം. മറ്റൊരു വീടിന് ജീവന്‍ നല്‍കാം. നിര്‍ധനരായ ഭവന രഹിതരെ സഹായിക്കാന്‍ പുത്തന്‍ ആശയം പ്രാവര്‍ത്തികമാക്കുകയാണ് തിരുവനന്തപുരത്തെ ഒരു സംഘം ആര്‍കിടെക്റ്റുകള്‍.
അംബികയുടെ കയ്യില്‍ ആകെയുണ്ടായിരുന്നത് 5 ലക്ഷം. അല്‍പം സ്ഥലം വാങ്ങി വീട് പണി തുടങ്ങിയപ്പോഴേക്കും കാശ് തീര്‍ന്നു. ഇന്ന് കാണുന്ന നിലയില്‍ ഈ വീട് പൂര്‍ത്തിയായതിന് പിന്നില്‍ ഒരു കഥയുണ്ട്. ആര്‍ക്കിടെക്ടുകളായ സൌമിനി രാജയും വിഷ്ണുവും തങ്ങളുടെ സുഹൃത്തുക്കളുടെ കൂടി സഹകരണത്തോടെ പലരില്‍ നിന്നായി ശേഖരിച്ച വസ്തുക്കള്‍ കൊണ്ടാണ് അത് സാധ്യമായത്. അവിടെ നിന്നാണ് b-organ.comന്റെ പിറവി. പൊളിച്ചു കളഞ്ഞ ഒരു ജനലോ വാതിലോ, ഒരു കഷ്ണം ടൈലോ ഒരു വീടിന്റെ നിര്‍മാണത്തിനുപകരിക്കുന്ന എന്തും b-organ.com വഴി നിങ്ങള്‍ക്ക് ദാനം ചെയ്യാം.
കയ്യിലെ ഇത്തിരിക്കാശ് തികയാതെ വീടെന്ന സ്വപ്നം തന്നെ ഉപേക്ഷിച്ചവര്‍ക്ക്..പണി തീരാതെ അകാലത്തില്‍ മരണം കാത്തുകിടക്കുന്ന വീടുകള്‍ക്ക് ജീവിതം നല്‍കാന്‍ പുതിയൊരു വഴി തുറന്നിടുകയാണ് ബി ഓര്‍ഗന്‍. തിരുവനന്തപുരത്ത് സ്റ്റുഡിയോ കമ്മ്യൂണ്‍ എന്ന കൂട്ടായ്മക്ക് നേതൃത്വം നല്‍കുകയാണ് സൌമിനിയും വിഷ്ണുവും.