കെഎസ്‍യുവില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനം
സംസ്ഥാന കമ്മിറ്റിയേയും ജില്ലാ കമ്മിറ്റികളെയും പിരിച്ചു വിട്ട സാഹചര്യത്തിലാണ് തീരുമാനം.
കെഎസ്‍യുവില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടത്താന്‍ കേന്ദ്ര നേതൃത്വം തീരുമാനിച്ചു. സംസ്ഥാന കമ്മിറ്റിയേയും ജില്ലാ കമ്മിറ്റികളെയും പിരിച്ചു വിട്ട സാഹചര്യത്തിലാണ് തീരുമാനം. എന്‍എസ്‍യു നേത്യത്വം അറിയാതെ പുനസംഘടന നടത്തിയതിനാലാണ് സംസ്ഥാനത്തെ കമ്മിറ്റികളെ കേന്ദ്രനേതൃത്വം പിരിച്ചുവിട്ടത്.
പുനസംഘടനയെ ചൊല്ലി ഉടലെടുത്ത കലഹം മൂലമാണ് കൂട്ടപ്പിരിച്ചുവിടല്‍ നടത്തിയത്. ഞായറാഴ്ച രാത്രിയായിരുന്നു നിലവിലുള്ള ജില്ലാ പ്രസിഡന്‍റുമാരെ സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാക്കി കെഎസ്‍യുവില്‍ പുനസംഘടന നടത്തിയത്. പുതിയ പ്രസിഡന്റുമാരെ 14 ജില്ലകളിലും നിയമിക്കുകയും ചെയ്തു. ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ആശിര്‍വാദത്തോടെയായിരുന്നു നീക്കങ്ങള്‍. എന്നാല്‍ മുഴുവന്‍ ജില്ലകളിലെ പ്രസിഡന്‍റ് സ്ഥാനവും എ - ഐ ഗ്രൂപ്പുകള്‍ പങ്കിട്ട് എടുത്തതോടെ വി എം സുധീരന്‍ എതിര്‍പ്പ് കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ഇതോടെയാണ് ഹൈകമാന്‍ഡ് ഇടപെട്ടതും എന്‍എസ്‍യു നേത്യത്വം സംസ്ഥനത്തെ കമ്മിറ്റിയടക്കം പിരിച്ചുവിട്ടതും.
പുതിയ സംഘടന തെരഞ്ഞെടുപ്പ് ഉടന്‍ നടത്തുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എന്‍എസ്‍യു സെക്രട്ടറി ആര്‍ ശ്രാവണ്‍ റാവു അറിയിച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായി എന്‍എസ്‍യുവിന്‍റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ അംഗത്വ വിതരണവും ആരംഭിച്ചിട്ടുണ്ട്.