ആരോഗ്യമുള്ള ജീവിതത്തിനായി കൈ കഴുകാം; കോഴിക്കോട് ബീച്ചില്‍ മണല്‍ശില്‍പ്പമൊരുക്കി യുനിസെഫ്
സോപ്പ് ഉപയോഗിച്ച് കൈ കഴുകുക എന്ന സന്ദേശമുയര്‍ത്തിയായിരുന്നു മണല്‍ശില്‍പ്പം.
ആഗോള കൈ കഴുകല്‍ ദിനാചരണത്തിന്റെ ഭാഗമായി ഐക്യരാഷ്ട്ര സംഘടനയുടെ കുട്ടികളുടെ വിഭാഗമായ യുനിസെഫ് കോഴിക്കോട് ബീച്ചില്‍ മണല്‍ശില്‍പ്പമൊരുക്കി. സോപ്പ് ഉപയോഗിച്ച് കൈ കഴുകുക എന്ന സന്ദേശമുയര്‍ത്തിയായിരുന്നു മണല്‍ശില്‍പ്പം. സോപ്പുപയോഗിച്ച് കൈ കഴുകുന്നത് രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും എതിരേയുള്ള ഏറ്റവും ഫലപ്രദവും ചെലവു കുറഞ്ഞതുമായ പ്രതിരോധമാര്‍ഗമാണെന്ന് യുനിസെഫ് കേരള തമിഴ്‌നാട് വിഭാഗം മേധാവി ജോബ് സഖറിയ പറഞ്ഞു.
വൃത്തിയാക്കാത്ത ഒരു കൈപ്പത്തിയില്‍ മാത്രം ഒരു കോടി വൈറസുകളും ബാക്ടീരിയകളുമുണ്ടാകും. ഇവ ഉള്ളില്‍ ചെല്ലുമ്പോഴാണ് കുഞ്ഞുങ്ങള്‍ക്ക് പല അസുഖങ്ങളും പോഷകാഹാരക്കുറവും അതുവഴി ശിശുമരണവുമുണ്ടാകുന്നത്. മരണത്തിന് പോലും കാരണമായേക്കാവുന്ന കുഞ്ഞുങ്ങളിലെ ടൈഫോയിഡ്, വിരശല്യം, മഞ്ഞപ്പിത്തം, എബോള, പന്നിപ്പനി, ത്വക്കിലും കണ്ണിലുമുള്ള അണുബാധ എന്നിവയും സോപ്പിട്ട് കൈകഴുകുന്നതിലൂടെ തടയാനാവും. അമ്മമാരും പ്രസവമെടുക്കുന്നവരും സോപ്പുപയോഗിച്ച് കൈകഴുകുന്നതിലൂടെ നവജാതശിശുമരണ നിരക്ക് 41 ശതമാനം കുറയ്ക്കാനാകുമെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. കേരള ചൈല്‍ഡ് റൈറ്റ്‌സ് ഒബ്‌സര്‍വേറ്ററിയുടെ സഹായത്തോടെ തയ്യാറാക്കിയ മണല്‍ ശില്‍പ്പനിര്‍മാണത്തിന് സാന്‍ഡ് ആര്‍ട്ടിസ്റ്റ് ടി. അഖിലേഷ് നേതൃത്വം നല്‍കി. കോഴിക്കോട് ഹോളി ക്രോസ് കോളജ് വിദ്യാര്‍ത്ഥികളുടെ ഫ്‌ളാഷ് മോബും ദിനാചരണത്തിന്റെ ഭാഗമായി നടന്നു.