ദേശീയപാത സ്ഥലമെടുപ്പിനെതിരെ അഡ്വ.ഷബീന നടത്തുന്ന നിരാഹാര സമരം നാലാം ദിനത്തിലേക്ക്
ഷബീനയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ സമരപ്പന്തലില്‍ എത്തി നിരാഹാരം തുടരുകയായിരുന്നു
ദേശീയപാത സ്ഥലമെടുപ്പിനെതിരെ അഡ്വ.ഷബീന നടത്തുന്ന നിരാഹാര സമരം നാലാം ദിനത്തിലേക്ക് കടന്നു. മലപ്പുറം സ്വാഗതമാട്ടെ പന്തലിലാണ് ഷബീന നിരാഹാരം കിടക്കുന്നത്. ഷബീനയെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അവര്‍ സമരപ്പന്തലില്‍ എത്തി നിരാഹാരം തുടരുകയായിരുന്നു. സ്വാഗതമാട് - പാലച്ചിറമാട് ബൈപ്പാസിന് വേണ്ടി കുടിയിറങ്ങുന്ന കുടുംബങ്ങളിലെ സ്ത്രീകള്‍ ഷബീനക്ക് പിന്തുണയുമായി സമരപ്പന്തലിലുണ്ട്.
ആരോഗ്യസ്ഥിതി മോശമാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ഷബീനയെ പൊലീസ് അറസ്റ്റ് ചെയ്യാനെത്തിയത്. സമരപന്തലില്‍ ഉണ്ടായിരുന്നവര്‍ പ്രതിഷേധിച്ചെങ്കിലും ഷബീനയെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലാക്കി. ഷബീനയെ അറസ്റ്റ് ചെയ്ത ഉടന്‍ ആസിയ എന്ന മറ്റൊരു സ്ത്രീ നിരാഹാരം ആരംഭിച്ചു.
അതേസമയം പാലച്ചിറമാട് കൃഷിയിടങ്ങളും വീടുകളും മാര്‍ക് ചെയ്ത സര്‍വേ സംഘത്തിനെതിരെ വീട്ടമ്മമാര്‍ പ്രതിഷേധവുമായി എത്തി. പഞ്ചായത്തിനെ അറിയിക്കാതെയാണ് പ്രദേശത്ത് ദേശീയപാതക്കുള്ള അലൈന്‍മെന്‍റ് തയ്യാറാക്കിയതെന്ന് പെരുമണ്ണ ക്ലാരി പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു. ദേശീയപാതക്കായി കുറ്റിപ്പുറം - ഇടിമുഴീക്കല്‍ റീച്ചില്‍ നടക്കുന്ന സര്‍വേ ഇതിനകം 28 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി.