ചക്ക വിളംബര യാത്ര ആരംഭിച്ചു
മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ലാഗ് ഓഫ് ചെയ്തു
ചക്കയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കാനായി കൃഷി വകുപ്പിന്റെ നേതൃത്വത്തില്‍ ചക്ക വിളംബര യാത്ര ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ചക്ക വിളംബര യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ചക്ക പഴം മാത്രമല്ല, പച്ചക്കറിയും ഔഷധവും പ്രധാന ഭക്ഷണവുമാണ് എന്ന സന്ദേശവുമായാണ് വിളംബരയാത്ര നടത്തുന്നത്.
വിപണന സാധ്യത ഏറെയാണെങ്കിലും ചക്കയുടെ മഹത്വം കേരളീയര്‍ മറന്നിരിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. ചക്കയെ നിസാരമാക്കി കാണുന്നവരോട് ചക്ക അത്ര നിസാരകാര്യമല്ലെന്ന് കാട്ടിത്തരുകയാണ് വിളംബര യാത്രയുടെ ലക്ഷ്യം. ചക്ക അച്ചാര്‍ മുതല്‍ ഐസ്ക്രീം, ചിപ്സ്, ജാം എന്ന് വേണ്ട ചക്ക കൊണ്ട് ബിരിയാണി വരെ ഉണ്ടാക്കാമെന്ന് വിളംബര യാത്രക്കെത്തിയവര്‍ തെളിയിക്കുന്നു.
മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങളിലൂടെ മാത്രമേ ചക്കയ്ക്ക് വിപണി ലഭിക്കൂയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ കര്‍ഷകരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ ഇത് മാത്രം പോര. കൃഷി വകുപ്പിനൊപ്പം ജാക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍, ശാന്തിഗ്രാമം, സിസ തുടങ്ങി നിരവധി സംഘടനകളും ചക്കയാത്രയില്‍ കൈകോര്‍ക്കുന്നുണ്ട്. ഈ മാസം 20 വരെ തിരുവനന്തപുരത്ത് ചക്കവണ്ടി യാത്ര നടത്തും. ചക്ക വണ്ടിയില്‍ നിന്ന് കര്‍ഷകര്‍ക്ക് വിവിധയിനം പ്ലാവിന്‍ തൈകളും സ്വന്തമാക്കാം..