ഇംഗ്ലീഷറിയാത്ത ജയറാമും ഇംഗ്ലീഷ് 'നന്നായി' അറിയുന്ന മലയാളികളും

Update: 2018-05-31 09:47 GMT
Editor : Jaisy
ഇംഗ്ലീഷറിയാത്ത ജയറാമും ഇംഗ്ലീഷ് 'നന്നായി' അറിയുന്ന മലയാളികളും
Advertising

ജയറാമിന്റെ ഒരു വര്‍ഷം മുന്‍പുള്ള ഒരു അഭിമുഖമാണ് വീണ്ടും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്

ലോകം മുഴുവന്‍ ചുറ്റി സഞ്ചരിക്കാന്‍ ഇംഗ്ലീഷ് ഭാഷ എന്ന വിസ മതിയെന്ന് പറയുമ്പോള്‍ തന്നെ മനസിലാകും ആംഗലേയ ഭാഷയുടെ പ്രാധാന്യം. അത് വെറുമൊരു ചൊല്ല് മാത്രമാണെന്നും നമുക്കെല്ലാവര്‍ക്കും അറിയാം. കാരണം ഒരു ഭാഷയുടെയും സഹായമില്ലാതെ ലോകം കീഴടക്കിയവര്‍ നിരവധിയുണ്ട്. ഇന്ന് ലോകത്തിലേറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഭാഷയാണ് ഇംഗ്ലീഷ്. ഓസ്ട്രേലിയ, കാനഡ, ന്യൂസീലൻഡ്, അയര്‍ലന്റ്, യുണൈറ്റഡ് കിംഗ്‌ഡം, അമേരിക്കൻ ഐക്യനാടുകൾ എന്നീ രാജ്യങ്ങളിലെ ജനങ്ങളുടെ മാതൃഭാഷ കൂടിയാണ്. മന്റാരിൻ ചൈനീസ്, സ്പാനിഷ് എന്നീ ഭാഷകൾ കഴിഞ്ഞ് ലോകത്തിലേറ്റവും കൂടുതലാളുകളുടെ രാഷ്ട്രഭാഷയാണ് ഇംഗ്ലീഷ്. അതുപോലെ ഇംഗ്ലീഷ് രണ്ടാം ഭാഷയായും ഉപയോഗിക്കുന്ന നിരവധി രാജ്യങ്ങളുമുണ്ട്. അതില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഇന്ത്യയും. ഉത്തരേന്ത്യക്കാര്‍ക്ക് ഹിന്ദിയും മലയാളികള്‍ക്ക് മലയാളവും മാതൃഭാഷയുമാണ്. പക്ഷേ നമ്മള്‍ മലയാളികളെ സംബന്ധിച്ചിടത്തോളം മലയാളത്തെക്കാള്‍ ഇംഗ്ലീഷ് സംസാരിക്കുന്ന മലയാളികളാണെന്ന് അഭിമാനത്തോടെ പറയുന്നവരാണ്. അതില്‍ വേണ്ടത്ര പരിജ്ഞാനമില്ലെങ്കില്‍ പോലും ഇംഗ്ലീഷില്‍ വിക്കി വിക്കി സംസാരിക്കുന്നവരെയും അറിയാത്തവരെയും നിര്‍ദ്ദയം കളിയാക്കാനും നമുക്കൊരു മടിയുമില്ല. അതിന്റെ ഒടുവിലത്തെ ഉദാഹരമാണ് നടന്‍ ജയറാമിനെ പരിഹസിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റുകള്‍. ആദ്യം കളിയാക്കിയെങ്കിലും പിന്നീട് താരത്തെ പിന്തുണച്ചവരും അതിലുണ്ടായിരുന്നു.

ജയറാമിന്റെ ഒരു വര്‍ഷം മുന്‍പുള്ള ഒരു അഭിമുഖമാണ് വീണ്ടും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയത്. സ്‌പെയിനില്‍ നിന്നും കാളയെ കൊല്ലുന്നത് കണ്ടെന്നുള്ള കാര്യത്തെ കുറിച്ചാണ് എഎന്‍ഐ യുടെ റിപ്പോര്‍ട്ടര്‍ ജയറാമിനോട് ചോദിച്ചത്. അതിനുള്ള ഉത്തരം തമിഴില്‍ പറയാന്‍ നോക്കിയെങ്കിലും ഇംഗ്ലീഷില്‍ സംസാരിക്കാന്‍ റിപ്പോര്‍ട്ടര്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ പറയാനറിയാതെ ജയറാം നിന്നുപോയി. തന്നേക്കാള്‍ മകന്‍ നന്നായി ഇക്കാര്യം സംസാരിക്കുമെന്ന് പറഞ്ഞ് കാളിദാസിനെ ജയറാം വിളിച്ചു. ജയറാം മലയാളത്തില്‍ കാളിദാസിനോട് പറഞ്ഞു. അത് കാളിദാസ് ഇംഗ്ലീഷില്‍ റിപ്പോര്‍ട്ടര്‍ക്ക് പറഞ്ഞുകൊടുത്തു. ഇതാണ് സോഷ്യല്‍ മീഡിയയുടെ പരിഹാസങ്ങള്‍ക്ക് പാത്രമായത്. വീഡിയോക്ക് താഴെ ജയറാമിനെ കളിയാക്കിക്കൊണ്ട് നിരവധി കമന്റുകള്‍ പ്രത്യക്ഷപ്പെട്ടു. എല്ലാം തികഞ്ഞവരെന്ന് അഭിമാനിക്കുന്ന മലയാളികള്‍ തന്നെയായിരുന്നു ജയറാമിന്റെ അഞ്ജതയെ കളിയാക്കിയത്.

ഒരു മലയാളിക്ക് മലയാളം അറിയില്ലെന്ന് പറഞ്ഞാല്‍ കയ്യടിക്കുന്നവര്‍ ഇംഗ്ലീഷ് അറിയില്ല എന്നതിന്റെ പേരില്‍ പൊങ്കാലയിടുന്നത് വിരോധാഭാസം തന്നെയാണ്. നമ്മുടെ പല താരങ്ങളെയും നോക്കൂ...പച്ചമലയാളികളായ അവര്‍ മലയാളം ചാനലുകളിലെ അഭിമുഖങ്ങളില്‍ പോലും ഇംഗ്ലീഷില്‍ അല്ലാതെ സംസാരിക്കില്ല. ഫേസ്ബുക്കുകളിലെ പോസ്റ്റുകളിലും കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷ്. പൃഥ്വിരാജിന്റെ കടുത്ത ഇംഗ്ലീഷ് പലപ്പോഴും ട്രോളുകള്‍ക്ക് ഇരയാകാറുണ്ടെങ്കിലും അതും ഇത്ര പരിഹാസങ്ങള്‍ക്ക് പാത്രമാകാറില്ല. ജയറാം മാത്രമല്ല, നടി കാവ്യാ മാധവന്‍, മുന്‍മന്ത്രിയായിരുന്ന പി.കെ ശ്രീമതി തുടങ്ങിയവരും ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ അപഹാസ്യരായിട്ടുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും ഇംഗ്ലീഷില്‍ സംസാരിക്കുമ്പോള്‍ അത് പേഴ്സണല്‍ സെക്രട്ടറി തയ്യാറാക്കി കൊടുത്ത പ്രസംഗമാണ് എന്ന് പറഞ്ഞ് വിലയിടിച്ചു കളയും നമ്മള്‍. അല്ലെങ്കില്‍ എഴുതി വായിക്കാനല്ലാതെ ഇയാളെക്കൊണ്ട് എന്തിന് കൊള്ളാമെന്ന് ഒരു കമന്റും പാസാക്കും. നമ്മളില്‍ എത്ര പേര്‍ക്ക് ഇംഗ്ലീഷ് തെറ്റില്ലാതെ ഒഴുക്കോടെ സംസാരിക്കാന്‍ അറിയാം. നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയട്ടെ എന്നു പറയുംപോലെ ആദ്യം സ്വയം പഠിച്ചിട്ട് മറ്റുള്ളവരെ വിമര്‍ശിക്കൂ എന്ന് മലയാളിയോട് പറയേണ്ടിയിരിക്കുന്നു.

മലയാളത്തെ ഏറെ സ്നേഹിക്കുന്ന തമിഴനായ കമല്‍ഹാസന്‍ കേരളത്തിലെത്തിയാല്‍ സംസാരിക്കുന്നത് മലയാളത്തിലാണ്. അതില്‍ പേരിന് പോലും ഒരു ഇംഗ്ലീഷ് വാക്ക് കാണില്ല. തമിഴന്‍മാര്‍ക്ക് മാതൃഭാഷയെന്നാല്‍ പെറ്റമ്മയെപ്പോലാണ്. അവരുടെ സിനിമാ പ്പേരുകള്‍, കുട്ടികളുടെ പേരുകള്‍... തമിഴിന്റെ ചേലുകള്‍ കേള്‍ക്കാന്‍ എന്ത് രസമാണ്. പക്ഷേ മലയാളിക്ക് മലയാളമെന്നാല്‍ ചതുര്‍ത്ഥിയാണ്. ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശങ്ങള്‍ക്ക് ഇരയായിട്ടുള്ള നടിയാണ് രണ്ട് തവണ മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം നേടിയ കങ്കണ. ആദ്യ കാലങ്ങളില്‍ ഇംഗ്ലീഷ് നന്നായി സംസാരിക്കാന്‍ അറിയാത്തതിന്റെ പേരില്‍ താന്‍ കുറെ കളിയാക്കപ്പെട്ടിട്ടുണ്ടെന്ന് കങ്കണ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതൊന്നും ഒരിക്കലും തന്റെ ആത്മവിശ്വാസത്തെ ബാധിച്ചിട്ടില്ലെന്നും. അത് നൂറ് ശതമാനവും ശരിയാണെന്ന് അവരുടെ പില്‍ക്കാലത്തെ പ്രകടനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

മലയാളം സംസാരിച്ചാല്‍ പിഴയടക്കേണ്ടി വരുന്ന, മലയാളമറിയാത്തത് അഭിമാനമാകുന്ന, ഇംഗ്ലീഷ് മീഡിയം സ്കൂളുകള്‍ കൂണു പോലെ പൊട്ടിവിടരുന്ന, മലയാളം സ്കൂളുകളുടെ എണ്ണങ്ങള്‍ കുറയുന്ന, മലയാള ഭാഷാവാരാചരണം നവംബറില്‍ മാത്രം ഒതുങ്ങുന്ന ഇക്കാലത്ത് ഇംഗ്ലീഷ് അറിയാത്തതിന്റെ പേരില്‍ ഒരു മലയാളി അധിക്ഷേപത്തിനിരയാകുന്നത് ഒരു പുതിയ കാര്യമല്ല പോലും. അപ്പോള്‍ പിന്നെ സോഷ്യല്‍ മീഡിയക്ക് അധിക്ഷേപിക്കാം, കളിയാക്കാം, ട്രോളുകള്‍ ഇറക്കാം..കയ്യടിക്കാനും വൈറലാക്കാനും നമ്മള്‍ മറ്റ് മലയാളികള്‍ ഉണ്ടല്ലോ.

Full View
Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News