മലബാര്‍ സിമന്റ്സ് മുന്‍ എംഡി പത്മകുമാറിനെ കോടതിയില്‍ ഹാജരാക്കി
വിജിലന്‍സ് അറസ്റ്റ് ചെയ്ത പത്മകുമാറിനെ ഇന്നലെ കോടതി ഒരു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു.
മലബാര്‍ സിമന്റ്സ് അഴിമതി കേസില്‍ അറസ്റ്റിലായ മുന്‍ എംഡി കെ പത്മകുമാറിന്റെ ജാമ്യാപേക്ഷയില്‍ തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ വാദം പൂര്‍ത്തിയായി. സ്വകാര്യ കമ്പനികള്‍ക്ക് ഇളവ് നല്‍കിയത് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സാണെന്നും അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം ബോര്‍ഡിനാണെന്നും പത്മകുമാര്‍ വാദിച്ചു. പ്രോസിക്യൂഷന്‍ വാദം ഉച്ചക്ക് ശേഷം കേള്‍ക്കും.
മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ഉള്‍പ്പെടുന്ന ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സാണ് കമ്പനിയുടെ നയപരമായ തീരുമാനം എടുക്കുന്നതെന്ന് വാദിച്ച പത്മകുമാര്‍ ഇതില്‍ എംഡിക്ക് മാത്രം പ്രത്യേക റോളില്ലെന്നും പറഞ്ഞു. സ്വകാര്യ കമ്പനികള്‍ക്ക് ഇളവ് നല്‍കിയത് ഈ ബോര്‍ഡാണ്. സിമന്റ് വിപണിയിലെ മത്സരം നേരിടാനാണ് ഇളവ് നല്‍കിയത്. നഷ്ടം സംഭവിച്ച ചില ഡീലര്‍മാരാണ് കേസിന് പിന്നിലെന്നും ജാമ്യാപേക്ഷയിലെ വാദത്തില്‍ പറയുന്നു. അറസ്റ്റ് ചെയ്തത് നിയമപരമായല്ല. കമ്പനി എംഡി സ്ഥാനത്ത് നിന്ന് നീക്കിയത് കൊണ്ട് അന്വേഷണത്തില്‍ സ്വാധീനിക്കും എന്ന് പറയാന്‍ കഴിയില്ലെന്നും ജാമ്യം നല്‍കണമെന്നും കെ പത്മകുമാര്‍ വാദിച്ചു.
ഉച്ചക്ക് ശേഷം പ്രോസിക്യൂഷന്റെ വാദം കേള്‍ക്കും. ഇതിനിടെ കോടതിയിലെത്തിയ മലബാര്‍ സിമന്റ്സ് ഉദ്യോഗസ്ഥര്‍ പത്മകുമാറുമായി ആശയവിനിമയം നടത്തുകയും ചെയ്തു.