ഹോട്ടികോര്‍പ്പിന്റെ ഇടപെടല്‍ കര്‍ഷകര്‍ക്ക് ആശ്വാസമാകുന്നു
കൃഷിയിടങ്ങളില്‍ നേരിട്ടെത്തി ഹോര്‍ട്ടി കോര്‍പ്പ് സംഭരിക്കുന്ന ഉത്പന്നങ്ങള്‍ സബ്സിഡി നിരക്കിലാണ് വിപണിയിലെത്തിക്കുന്നത്
ഓണ വിപണി ലക്ഷ്യമിട്ട് കൃഷിയിറക്കിയവര്‍ക്ക് ഹോട്ടികോര്‍പ്പിന്റെ ഇടപെടല്‍ ഏറെ ആശ്വാസമാകുന്നു. കൃഷിയിടങ്ങളില്‍ നേരിട്ടെത്തി ഹോര്‍ട്ടി കോര്‍പ്പ് സംഭരിക്കുന്ന ഉത്പന്നങ്ങള്‍ സബ്സിഡി നിരക്കിലാണ് വിപണിയിലെത്തിക്കുന്നത്.
ഇത് തൃശൂര്‍ മാള സ്വദേശിയായ ജോസഫ് പള്ളന്‍. സൈന്യത്തില്‍ നിന്ന് വിരമിച്ച ശേഷം മുഴുവന്‍ സമയ കൃഷിക്കാരനാണ് . മുപ്പത് ഏക്കറിലാണ് ജോസഫ് പള്ളന്‍ കൃഷിയിറക്കിയിറക്കിയിരിക്കുന്നത്. ഓണ വിപണി മുന്നില്‍ കണ്ട് കൃഷിയിറക്കിയപ്പോള്‍ പയറും മത്തങ്ങയും നേന്ത്രക്കായയുമെല്ലാം പള്ളന്റെ കൃഷിയിടത്തില്‍ നൂറ് മേനി വിളവായി.
ജോസഫിനെ പോലുള്ള കര്‍ഷകരുടെ ഇത്തവണത്തെ ഓണം സമൃദ്ധിയുടേതാണ്. വിളവെടുപ്പ് കൂടിയതിനൊപ്പം ഹോട്ടികോര്‍പ്പിന്റെ സഹായവുമാണ് ഈ സമൃദ്ധിക്ക് പിന്നില്‍. ഇത്തവണ മഴ കുറഞ്ഞത് കാരണം പച്ചക്കറികള്‍ നേരത്തെ പൂവിട്ടത് കര്‍ഷകര്‍ക്ക് തിരിച്ചടിയായിരുന്നു. ഓണം വിപണി ലക്ഷ്യമിട്ട് വളര്‍ത്തിയ പച്ചക്കറികള്‍ നേരത്തെ വിളഞ്ഞു. പക്ഷേ ഓണം അടുത്തതോടെ നല്ല വില നല്‍കി. ഹോട്ടികോര്‍പ്പ് ഈ കര്‍ഷകരുടെ സഹായത്തിനെത്തി.