പദ്ധതികള്‍ പരാജയം; പോഷകാഹാരകുറവുള്ള കുട്ടികളുടെ എണ്ണം കൂടുന്നു
കോടികള്‍ ചിലവഴിച്ച പദ്ധതികളും ഫലം കണ്ടില്ല.
അട്ടപ്പാടിയില്‍ പട്ടിണി മരണങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന സര്‍ക്കാര്‍ പ്രഖ്യാപനം വെറുതെയായി. കോടികള്‍ ചിലവഴിച്ച പദ്ധതികളും ഫലം കണ്ടില്ല. പോഷകാഹാരകുറവുള്ള കുട്ടികളുടെ എണ്ണം കൂടുന്നതായാണ് കണക്കുകള്‍.
അട്ടപ്പാടിയിലെ ആദിവാസി കുട്ടികളുടെ പട്ടിണി മരണം തടയാന്‍ നൂറ് കോടിയിലേറെ ചിലവഴിച്ച് വിവിധ പദ്ധതികള്‍ നടപ്പാക്കിയെന്നാണ് കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ വാദം. സാമൂഹിക അടുക്കളകള്‍, ഉപ ആരോഗ്യ കേന്ദ്രങ്ങള്‍, മൊബൈല്‍ ആംബുലന്‍സുകള്‍ തുടങ്ങിയ നിരവധി പദ്ധതികളാണ് നടപ്പാക്കിയത്. 3 പഞ്ചായത്തുകളിലായി 192 ഊരുകളാണ് അട്ടപ്പാടിയിലുള്ളത്. പദ്ധതികള്‍ ആദിവാസികളിലെത്തിക്കാനായി വിവിധ വകുപ്പുകള്‍ക്ക് കീഴില്‍ പത്തോളം ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ ഓരോ ഊരിലുമുണ്ട്. പദ്ധതി നടത്തിപ്പിന്റെ അവലോകനത്തിനായിരണ്ട് മാസത്തിലൊരിക്കല്‍ ജില്ലാ കലക്ടര്‍, പട്ടികവര്‍ഗ ഡയറക്ടര്‍ എന്നിവരുടെ നേതൃത്വത്തില്‍ ജനകീയ മോണിറ്ററിങ് കമ്മിറ്റിയും നടക്കാറുണ്ട്
ഇതൊക്കെ നിലവിലുള്ളപ്പോഴാണ് കഴിഞ്ഞ ദിവസം വീണ്ടും അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് മൂലം വിദ്യാര്‍ഥി മരിച്ചത്. ഷോളയൂര്‍ സ്വര്‍ണപ്പിരിവ് കോളനിയിലെ 13 വയസ്സുള്ള മണികണ്ഠന്‍ മരിച്ചത് പോഷകാഹാരക്കുറവ് മൂലമുള്ള വിളര്‍ച്ചയെ തുടര്‍ന്നാണെന്നാണ് മെഡിക്കല്‍ റിപ്പോര്‍ട്ട്. മണികണ്ഠന്റെ രക്തത്തിലെ ഹീമോഗോബ്ലിന്‌റെ അളവ് വളരെ കുറവായിരുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.