അര്‍ഹതപ്പെട്ടവരെ ഒഴിവാക്കി കൊല്ലത്തെ ബിപിഎല്‍ പട്ടിക
മംഗളയെ പോലെ ആരോരും തുണയില്ലാത്ത ആയിരങ്ങളാണ് പട്ടികയില്‍ നിന്നും ജില്ലയില്‍ മാത്രം പുറത്ത് പോയത്.
ബിപിഎല്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ട് ആയിരങ്ങളാണ് കൊല്ലം ജില്ലയിലുള്ളത്. മംഗള എന്ന അറുപത്തിയഞ്ച് വയസുകാരി ഇതിനൊരു ഉദാഹരണം മാത്രം. ഭര്‍ത്താവോ മക്കളോ ഇല്ലാത്ത മംഗള ഹോട്ടലില്‍ പണിയെടുത്ത് ഒറ്റയ്ക്ക് ജീവിതം തളളി നീക്കുമ്പോഴാണ് ഇരുട്ടടിയായി ബിപിഎല്‍ പട്ടികയില്‍ നിന്നും പുറത്താക്കപ്പെട്ടിരിക്കുന്നത്.
റേഷന്‍ കാര്‍ഡിലെ തെറ്റുതിരുത്താനായി എത്തിയവരുടെ വലിയ ക്യൂവില്‍ നിന്നാണ് ഞങ്ങള്‍ മംഗള എന്ന അറുപത്തിയഞ്ചകാരിയെ പരിചയപ്പെട്ടത്. സര്‍ക്കാരിന്റെ പട്ടികയില്‍ പെട്ടെന്നൊരു നാള്‍ പണക്കാരിയായതാണവര്‍ മംഗളയുടെ യഥാര്‍ത്ഥ ജീവിതം കാണാനായി ഞങ്ങള്‍ അവര്‍ക്കൊപ്പം വീട്ടിലേക്കെത്തി. മംഗളയുടെ ഭര്‍ത്താവ് നാളുകള്‍ക്ക് മുന്‍പ് മരിച്ചു മക്കളില്ല. വീടെന്ന് പറയാന്‍ ഇത്രമാത്രം.
ഹോട്ടല് ജോലിയില്‍ നിന്നും ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടാണ് ജീവിതം മുന്നോട്ട കൊണ്ട് പോകുന്നത്. അതിനിടയിലാണ് അധികൃതര്‍ ഇവരെ ബിപിഎല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കിയത്. മംഗളയെ പോലെ ആരോരും തുണയില്ലാത്ത ആയിരങ്ങളാണ് പട്ടികയില്‍ നിന്നും ജില്ലയില്‍ മാത്രം പുറത്ത് പോയത്. ജീവിതം തന്നെ വഴിമുട്ടി നില്‍ക്കുന്ന ഇത്തരക്കാര്‍ക്ക് മുന്നില്‍ ഇനിയെന്തെന്ന ചോദ്യമാണ് ബാക്കിയാകുന്നത്.