അങ്കമാലി- മണ്ണുത്തി ദേശീയപാതയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് ശുപാര്‍ശ
കരാര്‍ പ്രകാരമുള്ള സുരക്ഷയും സൌകര്യവും ഒരുക്കുന്നതില്‍ ടോള്‍ കമ്പനി പരാജയപെട്ടുവെന്ന വിലയിരുത്തലിലാണ് ശുപാര്‍ശ.
അങ്കമാലി- മണ്ണുത്തി ദേശീയപാതയിലെ ടോള്‍ പിരിവ് നിര്‍ത്തണമെന്ന് കലക്ടറുടെയും ജനപ്രതിനിധികളുടെയും യോഗം സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തു. കരാര്‍ പ്രകാരമുള്ള സുരക്ഷയും സൌകര്യവും ഒരുക്കുന്നതില്‍ ടോള്‍ കമ്പനി പരാജയപെട്ടുവെന്ന വിലയിരുത്തലിലാണ് ശുപാര്‍ശ. മണ്ണുത്തി മുതല്‍ വാണിയംമ്പാറ വരെയുള്ള ആറ് വരിപാത നിര്‍മ്മാണത്തിലെ അപാകതകൾ ഉടന്‍ പരിഹരിക്കണമെന്ന് ദേശീയപാത അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കി.
സംസ്ഥാനത്തെ ആദ്യ ബിഒടി പാതയായ മണ്ണുത്തി അങ്കമാലി ദേശീയപാതയില്‍ കരാര്‍ കമ്പനിയുടെയും അധികൃതരുടെയും അനാസ്ഥയാണ് അപകടങ്ങള്‍ പെരുകാന്‍ കാരണമെന്ന് കലക്ടറുടെ നേതൃത്വത്തില്‍ നടന്ന ജനപ്രതിനിധികളുടെ യോഗം വിലയിരുത്തി.അഞ്ച് വര്‍ഷത്തിനിടെ 2000 ത്തിലധികം വാഹാനാപകടങ്ങളില്‍ നാനൂറോളം പേരാണ് മരിച്ചത്. അപകട രഹിത പാത എന്ന കരാര്‍ വ്യവസ്ഥ പാലിക്കുന്നതില്‍ കമ്പനി പരാജയപെട്ടെന്നും വിമര്‍ശമുയര്‍ന്നു.
കരാര്‍ പ്രകാരം പൂര്‍ത്തീകരിക്കേണ്ട തെരുവ് വിളക്കുകള്‍, സിഗ്നൽ സംവിധാനം, അരികുഭിത്തി, ബസ്ബെ, ബസ്ഷെൽട്ടര്‍, എന്നിവ പലയിടങ്ങളിലും പൂര്‍ത്തിയായിട്ടില്ല. സര്‍വ്വീസ് റോഡുകളുടെയും, അഴുക്ക് ചാലുകളുടെയും നിര്‍മ്മാണം പൂര്‍ത്തീകരിക്കാത്തതും പലയിടത്തും പ്രശ്നങ്ങളുണ്ടാകുന്നുണ്ടന്നുണ്ട്
മണ്ണുത്തി വാണിയംമ്പാറ ആറ് വരിപാതയുടെ അശാസ്ത്രീയമായ നിര്‍മ്മാണം മൂലം പലയിടത്തും വെള്ളകെട്ടുകള്‍ രൂപപ്പെട്ടത് ജനവാസ കേന്ദ്രങ്ങളിലേക്കുള്ള ഗതാഗത തടസത്തിന് കാരണമായതായും യോഗം വിലയിരുത്തി. ഇക്കാര്യത്തില്‍ എത്രയും പെട്ടന്ന് നടപടിയുണ്ടാകണമെന്ന് ദേശീയപാത അതോറിറ്റിക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.