എടിഎം കൌണ്ടറുകള്‍ രാത്രി നിരീക്ഷിക്കാന്‍ ഹൈവേ പോലീസിന് ഡിജിപിയുടെ നിര്‍ദ്ദേശം
രാത്രി 9 മണി മുതല്‍ രാവിലെ 6 മണിവരെ എല്ലാ എടിഎം കൌണ്ടറുകളിലും ഹൈവേ പോലീസ് നിരീക്ഷണം നടത്തണമെന്നാണ് നിര്‍ദ്ദേശം...
എല്ലാ എടിഎം കൌണ്ടറുകളും നിരീക്ഷിക്കാന്‍ ഹൈവേ പോലീസിന് ഡിജിപിയുടെ നിര്‍ദ്ദേശം. തട്ടിപ്പുകള്‍ വ്യാപകമായ സാഹചര്യത്തിലാണ് ഹൈവേ പോലീസിന് പുതിയ ചുമല നല്‍കിയിരിക്കുന്നത്. രാത്രി 9 മണിമുതല്‍ രാവിലെ 6 മണിവരെ എടിഎമ്മുകള്‍ നിരീക്ഷിക്കണമെന്ന് ഡിജിപി ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്.
തിരുവന്തപുരത്തും കൊച്ചിയിലും അടക്കം എടിഎം തട്ടിപ്പുകള്‍ നടന്ന സാഹചര്യത്തിലാണ് ഡിജിപി പ്രത്യേക സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്. രാത്രികാലങ്ങളില്‍ ഡ്യൂട്ടിയുള്ള ഹൈവേ പോലീസും നൈറ്റ് പെട്രോള്‍ സംഘവും അതാത് സ്റ്റേഷന്‍ പരിധിയിലുള്ള എടിഎം കൌണ്ടറുകളില്‍ നിരീക്ഷണം നടത്തണമെന്നാണ് ഉത്തരവ്. രാത്രി 9 മണി മുതല്‍ രാവിലെ 6 മണിവരെ പരിശോധനകള്‍ തുടരണം. എല്ലാ ദിവസവും പരിശോധനയുടെ റിപ്പോര്‍ട്ട് അധികൃതര്‍ക്ക് നല്കണമെന്നും സര്‍ക്കുലറില്‍ പറയുന്നുണ്ട്.
സംശയകരമായ രീതിയില്‍ എടിഎമ്മുകളുടെ സമീപത്ത് ഉപകരണങ്ങളോ കേടുപാടുകളോ കണ്ടെത്തിയാല്‍ വിശദമായ പരിശോധന നടത്തണം. ഗാര്‍ഡുമാര്‍ ഉള്ള എടിഎമ്മുകളില്‍ അവര്‍ ജോലി ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കണം. ഗാര്‍ഡുമാര്‍ ഇല്ലാത്ത എടിഎമ്മുകളില്‍ കര്‍ശന പരിശോധന വേണെന്നും ഡിജിപി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ കൈക്കൊണ്ട നടപടി ഒരാഴ്ചയ്ക്കുള്ളില്‍ സോണല്‍ എഡിജിപിമാരും റേഞ്ച് ഐജിമാരും ജില്ലാ മേധാവികളും അറിയിക്കണമെന്നും ഡിജിപി ഉത്തരവിട്ടിട്ടുണ്ട്.
--