സ്വാശ്രയം: സംസ്ഥാന വ്യാപകമായി യുഡിഎഫ് സമരം
സ്വാശ്രയ കരാറിനെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ച് നടത്തി
സ്വാശ്രയ കരാറിനെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ കളക്ടറേറ്റുകളിലേക്കും സെക്രട്ടറിയേറ്റിലേക്കും മാര്‍ച്ച് നടത്തി. സ്വാശ്രയ ഫീസ് 10 ലക്ഷം രൂപയാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സ്വാശ്രയ കരാറുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ സിറ്റിങ്ങ് ജഡ്ജി അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ആവശ്യപ്പെട്ടു.
സ്വാശ്രയ സമരം നിയമസഭക്ക് പുറത്തേക്ക് വ്യാപിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് സെക്രട്ടറിയേറ്റിലേക്കും കളക്ടറേറ്റുകളിലേക്കും യുഡിഎഫ് മാര്‍ച്ച് സംഘടിപ്പിച്ചത്. പത്തനംതിട്ട കളക്ടറേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത കെപിസിസി പ്രസിഡന്റ് വി എം സുധീരന്‍ ജുഡീഷ്യല്‍ അന്വേഷണമെന്ന ആവശ്യം ഉന്നയിച്ചു. 13 ജില്ലകളിലെ കളക്ടറേറ്റിലേക്കും മാര്‍ച്ച് നടന്നു. കോഴിക്കോട് മാര്‍ച്ച് എം കെ രാഘവന്‍ എം പി യും വയനാട് മാര്‍ച്ച് എം ഐ ഷാനവാസ് എം പിയും ഉദ്ഘാടനം ചെയ്തു. എം എല്‍ എ മാരുടെ നിരാഹം അവസാനിപ്പിച്ചെങ്കിലും സ്വാശ്രയ വിഷയത്തില്‍ പ്രക്ഷോഭം തുടരാനാണ് യുഡിഎഫ് തീരുമാനം.